മൂന്നാര്‍: എക്കോ പോയിന്റില്‍ സഞ്ചാരികളെ മുള്‍മുനയില്‍ നിര്‍ത്തി പടയപ്പ! ഇന്നലെ ഉച്ചയോടെ മാട്ടുപ്പെട്ടി എക്കോ പോയിന്റ്ന് സമീപമാണ് മൂന്നാറിന്െ്റ സ്വന്തം ഒറ്റയാന് പടയപ്പ ഇറങ്ങിയത്. നിരവധി കടകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടു വരുത്തിയ ആന മണിക്കൂറുകളോളം ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തു.
മൂന്നാറില്‍ ഏറ്റവും അധികം വിനോദസഞ്ചാരികള്‍ എത്തുന്ന മാട്ടുപെട്ടി എക്കോ പോയിന്റിന് സമീപത്താണ് പടയപ്പയുടെ വിളയാട്ടം നടന്നത്. ഒറ്റയാനെ കണ്ട് സഞ്ചാരികള്‍ക്ക് ആദ്യം കൗതുകം തോന്നി. എന്നാല്‍, നിമിഷങ്ങള്‍ക്കകം കളിമാറി. റോഡില്‍ നിലയുറപ്പിച്ച കാട്ടാന സമീപത്ത് വില്പനക്കായി സൂക്ഷിച്ചിരുന്ന കരിക്കുകള്‍ അകത്താക്കി.
മണിക്കൂറുകളോളം ആണ് ഗതാഗതം തടസ്സപ്പെട്ടത്. സമീപത്തുണ്ടായിരുന്ന ബൈക്കുകള്‍ക്കും കേടുപാട് വരുത്തി. ഇടയ്ക്ക് അതുവഴി കൊളുന്തുമായി കടന്നുപോയ ട്രാക്ടര്‍ ആക്രമിക്കാനും ശ്രമിച്ചു. ഒടുവില്‍ വനപാലകര്‍ പെടാപ്പാട് പെട്ടാണ് ആനയെ തുരത്തിയത്. ഒടുവില്‍ മാട്ടുപ്പെട്ടി ജലാശയം നീന്തിക്കിടന്ന് പടയപ്പ മറുകര തേടി.