Breaking NewsNEWS

അബ്ദുല്‍വഹാബ് എം.പിയുടെ മകനെ വിമാനത്താവളത്തില്‍ വസ്ത്രമുരിഞ്ഞ് പരിശോധിച്ചതായി പരാതി

തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവ് പി.വി അബ്ദുല്‍വഹാബ് എം.പിയുടെ മകനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വസ്ത്രമുരിഞ്ഞ് പരിശോധിച്ചതായി പരാതി. എം.പിയുടെ മകനാണെന്ന് പറഞ്ഞിട്ടും പരിശോധന തുടര്‍ന്നതായി അബ്ദുല്‍ വഹാബ് പറഞ്ഞു. ഈ മാസം ഒന്നിന് വിദേശത്ത് നിന്ന് നാട്ടിലേക്ക് വന്നപ്പോഴായിരുന്നു പരിശോധന.

ആര്യാടന്‍ മുഹമ്മദിന്റെ അനുസ്മരണ പരിപാടി മലപ്പുറം നിലമ്പൂര്‍ ചന്തക്കുന്നില്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. ഈ പരിപാടിയിലാണ് മുസ്ലിം ലീഗിന്റെ ദേശീയ ട്രഷറര്‍ കൂടിയായ പി.വി അബ്ദുല്‍ വഹാബ് ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. തന്റെ മകനെ അങ്ങേയറ്റം അപഹാസ്യമായ രീതിയില്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ പരിശോധന നടത്തി എന്നാണ് അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞത്.

Signature-ad

സുഹൃത്തിന്റെ വിവാഹം കഴിഞ്ഞ് ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയതായിരുന്നു എംപ.ിയുടെ മകന്‍. ഈ സമയത്ത് സംശയത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വളരെ അപഹാസ്യമായ രീതിയില്‍ പരിശോധന നടത്തുകയായിരുന്നു. എം.പിയുടെ മകനാണെന്ന് പറഞ്ഞ സമയത്ത് കൂടുതല്‍ പരിശോധന നടത്തിയെന്നും വ്യക്തമാക്കുന്നുണ്ട്. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച മെഡിക്കല്‍ എക്സ്റേ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്തി. അടിവസ്ത്രം ഉള്‍പ്പെടെ അഴിച്ച് പരിശോധന നടത്തിയെന്നുമാണ് അബ്ദുള്‍ വഹാബ് വെളിപ്പെടുത്തുന്നത്. എന്നാല്‍, യാതൊന്നും കണ്ടെത്താനും സാധിച്ചില്ല.

അതേസമയം, സംഭവം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നിഷേധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തിലുള്ള പരിശോധനകള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല. പാസ്പോര്‍ട്ട് വാങ്ങി പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരേ മാപ്പിളപ്പാട്ട് ഗായകനായ സലിം കോടത്തൂരും വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരുന്നു.

 

 

 

 

 

 

 

 

 

Back to top button
error: