ഹെല്‍മറ്റ് ധരിച്ചില്ലെന്ന കാരണത്താൽ കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ ദമ്പതികളെ പൊരിവെയിലിൽ മണിക്കൂറുകളോളം പൊലീസ് വഴിയില്‍ തടഞ്ഞു നിര്‍ത്തി. കർണാടകയിലെ മാണ്ഡ്യയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
സംഭവത്തെ കുറിച്ച് ദമ്പതികള്‍ പറയുന്നത്:
യാത്രയ്ക്കിടെ ഹെല്‍മറ്റ് ധരിച്ചില്ലെന്ന കാരണത്താല്‍ പിഴ അടക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍, പിഴ അടക്കാനുള്ള തുക തങ്ങളുടെ കൈവശമില്ലെന്ന് ഇവർ അറിയിച്ചു. കുട്ടിയുമായി ആശുപത്രിയിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ചിട്ടും പൊലീസ് വഴിയില്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം കുട്ടിയുടെ പിതാവ് തന്റെ സുഹൃത്തിന്റെ പക്കല്‍ നിന്നും പണവുമായെത്തി പിഴയടച്ചു. തുടര്‍ന്നാണ് പൊലീസ് ബൈക്ക് കൈമാറിയത്.
സംഭവം വാര്‍ത്തയായതോടെ ഇതിനെ അപലപിച്ച് മുന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി രംഗത്തെത്തി. മനുഷ്യത്വം മരവിക്കുന്ന ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ച് വരുന്നതില്‍ അദ്ദേഹം ആശങ്കപ്പെട്ടു. ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്തെ പൊലീസ് സംവിധാനത്തെ തകര്‍ത്തെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി വേണമെന്നും പൊലീസ് സംവിധാനം ജനസൗഹൃദമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടു.