NEWS

കത്ത് വ്യാജമെന്ന് ആര്യാ രാജേന്ദ്രന്‍; മേയറുടെ പരാതിയിൽ പൊലീസ് കേസെടുത്തു 

തിരുവനന്തപുരം: നഗരസഭാ ആരോഗ്യ വിഭാഗത്തിലെ താത്ക്കാലിക തസ്തികകളിലേക്ക് സിപിഐഎം പ്രവര്‍ത്തകരെ നിയമിക്കാന്‍ മുന്‍ഗണന പട്ടികയാവശ്യപ്പെട്ടുള്ള തന്റെ പേരിലുള്ള കത്ത് വ്യാജമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍.മേയറുടെ പരാതിയിൽ പൊലീസ് കേസെടുത്തു.
 ഔദ്യോഗിക ലെറ്റര്‍പാഡില്‍ സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് താൻ അയച്ചുവെന്ന് പറയപ്പെടുന്ന കത്ത് വ്യാജമാണെന്നാണ് മേയർ ആര്യാ രാജേന്ദ്രന്‍ അറിയിച്ചത്.
‘നഗരസഭയേയും മേയറേയും ഇകഴ്ത്തി കാട്ടാനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നത്. ഇത്തരം ശ്രമങ്ങള്‍ നേരത്തേയും ഉണ്ടായിരുന്നു. ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടതോടെ ഈ തസ്തികകളിലേക്കുള്ള നിയമനം റദ്ദാക്കാനും തുടര്‍ന്ന് എംപ്ലോയ്‌മെന്റ് വഴി നിയമനം നടത്താനും നഗരസഭ തീരുമാനിച്ചു.’ എന്നും മേയര്‍ വ്യക്തമാക്കി.
കത്തിനെ കുറിച്ച്‌ ഒന്നും അറിയില്ലെന്നായിരുന്നു സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും പ്രതികരിച്ചത്. അങ്ങനെയൊരു കത്ത് തന്റെ കയ്യില്‍ കിട്ടിയിട്ടില്ല. ഇങ്ങനെയൊരു കത്തിന്റെ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ആനാവൂര്‍ നാഗപ്പന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
നഗരസഭ ആരോഗ്യ വിഭാഗത്തിലെ 295 താത്ക്കാലിക തസ്തികകളിലേക്ക് സിപിഐഎം പ്രവര്‍ത്തകരെ നിയമിക്കാന്‍ മുന്‍ഗണന പട്ടികയാവശ്യപ്പെട്ടുളള മേയറുടെ പേരിലുള്ള കത്തായിരുന്നു പുറത്തുവന്നത്. മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡിലാണ് കത്ത് അയച്ചിട്ടുളളത്. ആനാവൂര്‍ നാഗപ്പനെ സഖാവേ എന്ന് അഭിസംബോധന ചെയ്താണ് കത്ത് ആരംഭിക്കുന്നത്. കത്തില്‍ ഒഴിവുകളുടെ വിശദവിവരം നല്‍കിയിട്ടുണ്ട്. ഇതിലേക്ക് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയറുടെ ഒപ്പിട്ട കത്തിലുണ്ട്.
 കോര്‍പറേഷനു കീഴിലുള്ള അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലാണ് 295 പേരെ ദിവസവേതനത്തിനു നിയമിക്കുന്നത്. കത്ത് പുറത്തുവന്നതിന് പിന്നാലെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.

Back to top button
error: