LocalNEWS

മണ്ണുത്തിയിൽ ഭാര്യയെ കൈക്കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമം, ഭർത്താവ് അറസ്റ്റിൽ

തൃശൂരിലെ മണ്ണുത്തിക്കടുത്ത് പട്ടിക്കാട് ഭാര്യയെ തലയ്ക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ പീച്ചി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണാറ മണ്ടൻചിറ ഇടപ്പാറ വീട്ടിൽ ഇ.വി ബേബിയെ (76)ആണ് പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.സി ബൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഭാര്യ എൽസി (72) യെ ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. അടുക്കളയിൽ പത്രം വായിച്ചുകൊണ്ടിരുന്ന എൽസിയെ പിന്നിലൂടെ എത്തിയ ബേബി യാതൊരു പ്രകോപനവും കൂടാതെ കൈകോടാലി ഉപയോഗിച്ച് തലയിൽ വെട്ടുകയായിരുന്നു. വെട്ടേറ്റ ഉടൻ പുറത്തേക്ക് ഓടിയ എൽസിയെ പിൻതുടർന്ന ബേബിയെ സമീപവാസികൾ തടഞ്ഞ് നിർത്താൻ ശ്രമിച്ചെങ്കിലും ഇവരുടെ ശ്രദ്ധതിരിച്ച പ്രതി റോഡിൽ വച്ച് വീണ്ടും എൽസിയുടെ തലയിൽ വെട്ടുകയായിരുന്നു. ആക്രമണത്തിൽ തലയോട്ടിക്ക് പൊട്ടൽ സംഭവിച്ചിട്ടുണ്ട്.12 ലേറെ സ്റ്റിച്ചുകളാണ് തലയിൽ ഉള്ളത്. എൽസി ഇപ്പോൽ തീവ്രപരിചരണ വിഭാഗത്തിലാണ്. മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി എൽസിയുടെ മൊഴിയെടുത്തിട്ടുണ്ട്.

വിരലടയാള വിദഗ്ധരും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കൈക്കോടാലി, വെട്ടുകത്തി, പുല്ല്‌വെട്ടി തുടങ്ങിയ ആയുധങ്ങൾ പ്രതിയുടെ കയ്യിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. സ്ഥിരം മദ്യപാനിയായ പ്രതി കൃത്യം നടത്തുന്ന സമയത്ത് മദ്യപിച്ചിട്ടുണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു. പീച്ചി എസ്‌ഐമാരായ എ.ഒ ഷാജി, പി.കെ ഹരി, സിപിഒ അയ്യപ്പദാസ്, മിനേഷ് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

Back to top button
error: