കൊച്ചിയില്‍ കാനകള്‍ വൃത്തിയാക്കുന്നു, ഹൈക്കോടതി കണ്ണുരുട്ടിയതിന് പിന്നാലെ നടപടിയുമായി കോര്‍പ്പറേഷന്‍

കൊച്ചി: എം.ജി റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ നടപടിയുമായി കൊച്ചി കോര്‍പ്പറേഷന്‍. എം.ജി റോഡിലെ കാനകള്‍ വൃത്തിയാക്കാന്‍ തുടങ്ങി. കാനയിലേക്ക് ഹോട്ടല്‍ മാലിന്യങ്ങള്‍ തള്ളിയതിനാല്‍ ഒഴുക്ക് തടസ്സപ്പെട്ടതാണ് വെള്ളക്കെട്ടിന് ഇടയാക്കിയതെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി. വെളളമൊഴുക്ക് തടസ്സപ്പെടുന്ന വിധത്തില്‍ കാനയിലേക്ക് മെഴുക്കുകലര്‍ന്ന മലിനജലം ഒഴുക്കിയെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം എം.ജി റോഡിലെ ഹോട്ടലുകള്‍ അടച്ചുപൂട്ടാന്‍ കോര്‍പ്പറേഷന്‍ ഉത്തരവിട്ടിരുന്നു.
കൊച്ചിയിലെ വെള്ളക്കെട്ട് ഒരാഴ്ചയ്ക്കകം പരിഹരിക്കണമെന്ന് ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് നടപടി. ഒരാഴ്ചക്കുള്ളില്‍ പ്രധാനപ്പെട്ട സ്ഥലങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരം കാണണം എന്നായിരുന്നു നിര്‍ദ്ദേശം. ഓടകളും കനാല്‍ ശുചീകരണവും ദ്രുതഗതിയില്‍ നടപ്പാക്കണം, കനാലുകളിലെ മാലിന്യനിക്ഷേപം കുറക്കാന്‍ ഇടപെടല്‍ നടത്തണം, ഇത്തരം നടപടി ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നായിരുന്നു കോടതി മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍. സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് ഈ മാസം 11ന് റിപ്പോര്‍ട്ട് നല്‍കാനും കൊച്ചി കോര്‍പ്പറേഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.






