മലപ്പുറം :വണ്ടിച്ചെക്ക് നൽകി ഇൻഷുറൻസ് പോളിസി കൈക്കലാക്കി നിരത്തിലോടിയ സ്വകാര്യ ബസ് മോട്ടോർവാഹന വകുപ്പധികൃതർ പിടികൂടി.
എൻഫോഴ്സ്മെന്റ് വിഭാഗം തിരൂർ ബസ്സ്റ്റാൻഡിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് തിരൂർ-കുറ്റിപ്പുറം റൂട്ടിൽ സർവീസ് നടത്തിയിരുന്ന അൽ ബുസ്താൻ എന്ന ബസ് പിടികൂടിയത്.
പരിശോധനയിൽ ഇൻഷുറൻസ് പോളിസി പേപ്പറിൽ എം.വി.ഐ. പി.കെ. മുഹമ്മദ് ഷഫീഖിന് തോന്നിയ സംശയമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.
കൂടുതൽ പരിശോധനയ്ക്കായി ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ ഇത്തരത്തിൽ ഒരു പോളിസി നിലവിലില്ലെന്നായിരുന്നു ലഭിച്ച മറുപടി. ഇതോടെ സർവീസ് നടത്തിയിരുന്ന ബസ് ചൊവ്വാഴ്ച വൈകുന്നേരം മോട്ടോർവാഹന വകുപ്പധികൃതർ പിടികൂടി തിരൂർ പോലീസിന് കൈമാറി. ബസ് ഉടമയ്ക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും പെർമിറ്റ് റദ്ദുചെയ്യാൻ ശുപാർശ ചെയ്യുമെന്നും മലപ്പുറം ആർ.ടി.ഒ. സി.വി.എം. ഷെരീഫ് പറഞ്ഞു.
തട്ടിപ്പിന്റെ പുതിയ രീതി
വണ്ടിച്ചെക്ക് നൽകി ആദ്യം ബസ് ഉടമ ഇൻഷുറൻസ് കമ്പനിയിൽനിന്ന് പോളിസി പേപ്പർ കൈക്കലാക്കും. ചെക്ക് മടങ്ങി പണം കിട്ടാതാകുന്നതോടെ ഇൻഷുറൻസ് കമ്പനി പോളിസി റദ്ദുചെയ്യും. എന്നാൽ ഈ പോളിസി പേപ്പർ ഉപയോഗിച്ചാണ് പിന്നീട് സ്വകാര്യ ബസ് സർവീസ് നടത്തുക. വാഹനപരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് ഒറ്റനോട്ടത്തിൽ ഇത് തിരിച്ചറിയുക ബുദ്ധിമുട്ടാണ്. പരിവാഹൻ സൈറ്റിൽ നോക്കിയാൽ ഇൻഷുറൻസ് ഇല്ല എന്നു കാണിക്കുമെങ്കിലും പോളിസി പേപ്പർ ഹാജരാക്കുന്നതോടെ വിട്ടയക്കാറാണ് പതിവ്.