ആളവന്താന്! മ്യൂസിയം ലൈംഗിക അതിക്രമക്കേസിലെ പ്രതിയും മന്ത്രിയുടെ പി.എസിന്റെ ഡ്രൈവര്‍
തിരുവനന്തപുരം: മ്യൂസിയം പരിസരത്ത് പ്രഭാത സവാരിക്കിറങ്ങിയ വനിതാ ഡോക്ടറെ ഉപദ്രവിച്ചത് മലയന്‍കീഴ് സ്വദേശി സന്തോഷ് (40) തന്നെയെന്ന് പരാതിക്കാരി തിരിച്ചറിഞ്ഞു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറാണ് ഇയാള്‍. കുറവന്‍കോണത്ത് വീട്ടില്‍ അതിക്രമിച്ചു കയറിയ കേസില്‍ ഇന്നലെയാണ് ഇയാള്‍ അറസ്റ്റിലായത്.
വനിതാ ഡോക്ടറെ ഉപദ്രവിച്ച കേസിലും ഇയാളുടെ പങ്ക് സംശയിച്ചതിനാല്‍ പോലീസ് തിരിച്ചറിയല്‍ പരേഡ് നടത്തുകയായിരുന്നു. ജലഅതോറിറ്റിയുടെ കരാര്‍ ജീവനക്കാരനാണ് സന്തോഷ്. ജല അതോറിറ്റിയുടെ ഇന്നോവ കാറാണ് സിസി ടിവിയില്‍ തെളിവായി മാറിയത്. കുറവന്‍കോണത്ത് ഈ കാറിലെത്തിയാണ് സന്തോഷ് വീട്ടില്‍ അതിക്രമിച്ചു കയറിയതെന്നു സമ്മതിച്ചു. വനിതാ ഡോക്ടര്‍ക്കെതിരേ അതിക്രമം നടത്തിയ സമയത്തും ഈ കാര്‍ മ്യൂസിയം പരിധിയിലെ സിസി ടിവിയിലുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ഒക്ടോബര്‍ 26നു പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് പ്രഭാത സവാരിക്കെത്തിയ വനിതാ ഡോക്ടര്‍ക്കുനേരെ ലൈംഗികാതിക്രമം ഉണ്ടായത്. പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് പരാതിക്കാരിയായ യുവതി ചൂണ്ടിക്കാട്ടിയിരുന്നു. പോലീസിന് വലിയ നാണക്കേടായി മാറിയ സംഭവം നടന്ന് എട്ടാം ദിവസമാണ് അന്വേഷണം പ്രതിയിലേക്ക് എത്തുന്നത്.