ഇടുക്കി: ഇടുക്കി കിഴുകാനത്ത് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ ഒരു ഉദ്യോഗസ്ഥന് കൂടി സസ്പെൻഷൻ. മുൻ ഇടുക്കി വൈൾഡ് ലൈഫ് വാർഡൻ രാഹുൽ ബിയെ ആണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. നേരത്തെ രാഹുലിനെ തിരുവനന്തപുരം ഹെഡ്ക്വാട്ടേഴ്സിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്ത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ എണ്ണം ഏഴായി.
കഴിഞ്ഞ മാസം ഇരുപതാം തീയതിയാണ് വിൽപനക്ക് കൊണ്ടുപോയ രണ്ടു കിലോ കാട്ടിറച്ചിയുമായി കണ്ണംപടി പുത്തൻ പുരയ്ക്കൽ സരുൺ സജിയെ കിഴുകാനം ഫോറസ്റ്ററും, സംഘവും അറസ്റ്റ് ചെയ്തത്. ഇറച്ചി കടത്തിയ ഓട്ടോ റിക്ഷയും വനംവകുപ്പ് കസ്റ്റഡിയിൽ എടുത്തിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് തിങ്കളാഴ്ച രാവിലെ വൻമാവ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് സരിൻ പിടിയിലായതെന്നാണ് വനം വകുപ്പ് നൽകിയ വിശദീകരണം.
എന്നാൽ ഇത് കള്ളക്കേസാണെന്ന് വിവിധ രാഷ്ട്രീയ പാർട്ടികളും ആദിവാസി സംഘടനയും ആരോപിച്ചു. ആദിവാസികളെ കള്ളക്കേസിൽ കുടുക്കിയ ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും മാറ്റി നിർത്തി അന്വഷണം നടത്തണം എന്ന ആവശ്യപ്പെട്ട് സി പി എമ്മും സി പിഐയും ഡിവൈഎഫ്ഐയും നേരത്തേ സമരം നടത്തിയിരുന്നു. സംഭവത്തിൽ ആറ് വനംവകുപ്പ് ഉദ്യോഗസ്ഥരെ മുമ്പ് സസ്പെൻഡ് ചെയ്തിരുന്നു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽ കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എൻ ആർ ഷിജിരാജ്, വി സി ലെനിൻ, ഡ്രൈവർ ജിമ്മി ജോസഫ് വാച്ചർമാരായ കെ ടി ജയകുമാർ, കെ എൻ മോഹനൻ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
വനം വകുപ്പ് വിജിലൻസ് വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്ട് അനുസരിച്ചാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്. സരുൺ സജിക്കെതിരെ കള്ളക്കേസെടുത്തത് ഏഷ്യാനെറ്റ് ന്യൂസ് വാർത്തയാക്കിയിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തമെന്നും ആവശ്യപ്പെട്ട് സരുൺ സജിയുടെ മാതാപിതാക്കൾ നിരാഹാരം സമരവും നടത്തിയിരുന്നു.