KeralaNEWS

മുസ്ലീമിനു വീട് വാടകയ്ക്കു കൊടുത്താൽ അപകടമോ…?

അമിത്കുമാർ

കർണാടകയിലെ ഹുബ്ലിയിൽ എനിക്കൊരു വീടുള്ള കാര്യം പലർക്കും അറിയാമല്ലോ.

Signature-ad

അറിയാത്തവരുടെ അറിവിലേക്കായി ആ വീടിന്റെ ചിത്രം കൂടി പങ്കുവെക്കുകയാണ്. 2017 ൽ വീടു വച്ചതുമുതൽ ബിസിനസുകാരായ ഒരു മാർവാഡി കുടുംബമാണ് താമസിച്ചിരുന്നത്.

കോവിഡ് ലോക്ഡൗണിനെ തുടർന്ന് ബിസിനസ് നഷ്ടമായപ്പോൾ അവർ വീടൊഴിഞ്ഞ് രാജസ്ഥാനിലേക്കു മടങ്ങി.
തുടർന്ന് കഴിഞ്ഞ വർഷം ഞങ്ങൾ ഒ.എൽ.എക്സിൽ വീടു വാടകയ്ക്കുണ്ടെന്ന പരസ്യം ചെയ്തു.

അയൽക്കാരനായ, ഹവനൂർ അങ്കിൾ എന്നു ഞങ്ങൾ വിളിക്കുന്ന സുരേശ് ഹവനൂർ ആയിരുന്നു പരസ്യം കണ്ട് വരുന്ന ആളുകൾക്ക് വീടു തുറന്നു കാണിക്കുകയും മറ്റും ചെയ്തിരുന്നത്.

സർക്കാർ സർവീസിൽ നിന്നു വിരമിച്ച ഹവനൂർ അങ്കിളിന് ബോറടി മാറ്റാനുള്ള ഒരു പ്രതിവിധിയായിരുന്നു ഞങ്ങളുടെ വീടു കാണിച്ചുകൊടുക്കലും വാടക പേശലും മറ്റും. പലരും വന്നു കണ്ടെങ്കിലും പല കാരണങ്ങൾ കൊണ്ട് വീട് ഒഴിഞ്ഞുതന്നെ കിടന്നു.

അങ്ങനെയിരിക്കെയാണ് മുഹമ്മദ് തഹൂർ സയിദ് എന്ന ഒരാൾ വീടു കാണാനായി വരുന്നത്. തഹൂറിനെ അങ്കിൾ വീടു കാണിച്ചത് മനസില്ലാമനസോടെയാണ്.

ഞങ്ങൾ പറഞ്ഞ തുകയും മറ്റു നിബന്ധനകളുമെല്ലാം തഹൂറിനു സമ്മതം. കൊടുക്കാൻ ഞങ്ങൾക്കും സമ്മതം.

എന്നാൽ, വാക്കു കൊടുക്കുന്നതിനു മുമ്പ് തനിക്കു ചിലതു പറയാനുണ്ടെന്ന് അങ്കിൾ.
അങ്കിളാണല്ലോ ഞങ്ങളുടെ ആൾ. അതുകൊണ്ട് അദ്ദേഹത്തെ കേൾക്കാമെന്നു വച്ചു.

ആള് മുസ്ലീമാണ്, സ്വഭാവം എങ്ങനെയായിരിക്കും, വീട് നശിപ്പിക്കും എന്നു തുടങ്ങി പല ഉടക്കുകളും അങ്കിൾ ഉന്നയിച്ചു.

ബിനി എല്ലാം മൂളിക്കേട്ടു. എന്നിട്ട്, ‘അങ്കിളിന്റെ കാഴ്ചപ്പുറത്തല്ലേ ഞങ്ങളുടെ വീട്. അങ്കിളിനെ പറ്റിക്കാൻ ആർക്കെങ്കിലും പറ്റുമോ’ എന്ന മട്ടിൽ പുള്ളിയെ പുകഴ്ത്തി വില വാചകങ്ങൾ പറഞ്ഞു.

പുകഴ്ത്തിയത് ഇഷ്ടപ്പെട്ടെങ്കിലും തഹൂറിന് വീടു നൽകുന്നതിൽ അങ്കിളിന് ഒട്ടും തൃപ്തിയില്ലായിരുന്നു.
എന്നാലും വീടു ഞങ്ങൾ തഹൂറിനു തന്നെ നൽകി.

കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു ഇത്. തുടർന്ന്, രണ്ടുമൂന്നുമാസം കഴിഞ്ഞ് കേരളത്തിലെ മൂന്നാം തരംഗം എങ്ങനെയുണ്ട് എന്നൊക്കെയുള്ള കുശലാന്വേഷണവുമായി അങ്കിൾ വിളിച്ചപ്പോൾ പുതിയ താമസക്കാരെങ്ങനെ കുഴപ്പം വല്ലതുമുണ്ടോ എന്ന് ബിനി ചോദിച്ചു.

താൻ വലിയ അടുപ്പത്തിനു പോയില്ല എന്നായിരുന്നു അങ്കിൾ മറുപടി പറഞ്ഞത്.

അതിനുശേഷം ഈ വർഷം മാർച്ചിൽ, ഞങ്ങളുടെ വീടിരിക്കുന്ന ഭാഗത്തേക്കു ബസ് സർവീസ് തുടങ്ങി എന്ന വിവരം അറിയിക്കാൻ വിളിച്ച അങ്കിൾ ഞങ്ങൾ ചോദിക്കാതെ തന്നെ അയൽക്കാരെ പറ്റി പറഞ്ഞു. ‘നല്ല കൂട്ടരാണെന്നു തോന്നുന്നു. വൃത്തിയും വെടിപ്പുമൊക്കെയുണ്ട്, അടുക്കും ചിട്ടയുമുണ്ട്, ബഹളക്കാരൊന്നുമല്ല’ ഇങ്ങനെ പോയി അങ്കിളിന്റെ അഭിപ്രായം.

കഴിഞ്ഞ ദിവസം ദീപാവലി ആശംസിക്കാൻ വിളിച്ചപ്പോഴാണ് ആനന്ദം കൊണ്ടു കണ്ണുനിറയുന്ന വർത്തമാനം ഹവനൂർ അങ്കിൾ ഞങ്ങളോടു പറഞ്ഞത്.

തഹൂറിന്റെ കുടുംബം കൂടാതെ മറ്റു മൂന്നാലു മുസ്ലിം കുടുംബങ്ങൾ കൂടി ഞങ്ങളുടെ നിരയിൽ വന്നിട്ടുണ്ടത്രെ. രണ്ടുപേർ സ്വന്തമായി വീടു വാങ്ങിയിട്ടുമുണ്ട്. ദീപാവലി ആഘോഷത്തിൽ അവരെല്ലാവരും പങ്കുചേർന്നത്രെ. അവരെയൊക്കെ ഭയങ്കരന്മാരും മുരടന്മാരുമൊക്കെയായി കരുതിയത് തെറ്റായിപ്പോയി എന്നും ജീവിതത്തിലൊരിക്കലും അടുത്തിടപഴകിയില്ലാതിരുന്നതു കൊണ്ടാണ് മുസ്ലീങ്ങളെക്കുറിച്ചു താനിത്രനാളും തെറ്റുധാരണ വച്ചു പുലർത്താനിടയായതെന്നും കൂടി അങ്കിൾ കൂട്ടിച്ചേർത്തു.

അങ്കിളിനും കുടുബത്തിനുമുണ്ടായ തിരിച്ചറിവിൽ ഞാനും ബിനിയും എത്രമാത്രം സന്തോഷിച്ചെന്നോ !

താൽക്കാലിക ലാഭത്തിനു വേണ്ടി മനുഷ്യരെ തമ്മിലകറ്റുകയും പ്രത്യേക കള്ളികളിൽ പെടുത്തുകയുമൊക്കെ ചെയ്യുന്ന ഒരു വിഭാഗം മനുഷ്യരുള്ള സമൂഹത്തിൽ പെട്ടുപോയതുകൊണ്ടാണ് ഹവനൂർ അങ്കിളിന് തഹൂറിനേയും കുടുംബത്തേയും അംഗീകരിക്കാൻ ബുദ്ധിമുട്ടായത്.

ജാതി, മതം, വർഗം തുടങ്ങിയവയൊന്നും പരിഗണിക്കാതെ ഇടകലർന്നു ജീവിക്കുമ്പോൾ മനുഷ്യൻ പരസ്പരം തിരിച്ചറിയുന്നു എന്നത് നേരിൽ കണ്ടുമനസിലാക്കാൻ സാധിച്ചു എന്നതാണ് ഞങ്ങളെ സംബന്ധിച്ച് സന്തോഷത്തിനുള്ള വസ്തുത.

കഴിഞ്ഞയിടെ, വാടകയ്ക്ക് വീടുണ്ടെന്ന ഒരു പരസ്യത്തിൽ ബ്രാഹ്മിൺസ് മാത്രം വിളിച്ചാൽ മതി എന്നെഴുതിയതു കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ സംഭവം ഇവിടെ പങ്കുവെച്ചത് എന്നതു കൂടി പറയട്ടെ.

2022 ആയിട്ടും ഇതൊക്കെ വലിയ കാര്യമായി പങ്കുവെക്കേണ്ടി വരുന്നല്ലോ എന്ന വേദനയും കലശലായുണ്ട് എന്നതും പറഞ്ഞേ പറ്റൂ.

Back to top button
error: