CrimeNEWS

ബലാത്സംഗ കേസ്: എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ബലാത്സംഗ കേസിൽ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വെള്ളിയാഴ്ച ഹർജി പരിഗണിച്ച കോടതി എൽദോസ് കുന്നപ്പിള്ളിക്ക് നോട്ടീസ് അയച്ച് വിശദീകരണം തേടിയിരുന്നു. അന്വേഷണം പ്രാഥമിക ഘട്ടത്തിൽ മാത്രമാണ്. ഈ ഘട്ടത്തിൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് സർക്കാർ വിശദീകരിക്കുന്നു. എൽദോസിന് മുൻ‌കൂർ ജാമ്യം അനുവദിച്ച തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഉത്തരവ് നിയമവിരുദ്ധമാണ്.

ദീർഘകാലത്തെ ബന്ധത്തിനിടയിൽ യുവതിയുടെ സമ്മതമില്ലാതെ ലൈംഗിക അതിക്രമം നടത്തിയെന്നതാണ് കേസ്. അന്വേഷണത്തിൽ എൽദോസ് കുന്നപ്പിള്ളിൽ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഇതിനിടെ എൽദോസ് പരാതിക്കാരിയെ ആക്രമിച്ചുവെന്ന കേസിൽ നാല് പേരെ കൂടി പൊലീസ് പ്രതി ചേർത്തിരുന്നു.

മൂന്ന് അഭിഭാഷകരെയും ഒരു ഓൺലൈൻ മാധ്യമ പ്രവർത്തകനെയുമാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. അഡ്വ. അലക്സ്, അഡ്വ. സുധീർ , അഡ്വ. ജോസ്, ഓൺലൈൻ മാധ്യമ പ്രവർത്തകൻ രാഗം രാധാകൃഷ്ണൻ എന്നിവരെയാണ് കേസിൽ പ്രതി ചേർത്തത്. അഭിഭാഷകരുടെ ഓഫീസിൽ വച്ച് കേസ് ഒത്തുതീർക്കാൻ ശ്രമിച്ചുവെന്ന മൊഴിയിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കൽ, കേസിൽ നിന്നും പിന്മാറാനായി കൃത്രിമ രേഖ ചമയ്ക്കൽ, മർദ്ദിക്കുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് എൽദോസിനെതിരെ കഴിഞ്ഞ ദിവസം വഞ്ചിയൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എൽദോസ് കുന്നപ്പിള്ളിയെ മാത്രം പ്രതി ചേർത്ത കേസിലാണ് മറ്റ് നാല് പേരെ കൂടി പ്രതി ചേർത്തത്.

Back to top button
error: