കൊച്ചി:കേരളത്തിൽ നിന്നും അന്തർസംസ്ഥാന സർവീസ് നടത്തുന്ന ഭൂരിഭാഗം ബസുകളുടെയും റജിസ്ട്രേഷൻ വ്യാജം
ഭൂരിഭാഗം ബസുകളും നാഗാലാൻഡ്, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിലാണു റജിസ്റ്റർ ചെയ്തിട്ടുള്ളത്. കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ ബസുകൾ സർവീസ് നടത്തുന്നത്.റജിസ്റ്റർ ചെയ്യാൻ മിക്ക ബസുകളും ഉപയോഗിച്ചിരിക്കുന്നതും ഒരേ വിലാസമാണ്.
വ്യത്യസ്ത കമ്പനികൾക്ക് വേണ്ടി റജിസ്റ്റർ ചെയ്യാൻ ഉപയോഗിച്ചിരിക്കുന്ന ഫോൺ നമ്പറും ഒന്നാണ്. കേരളത്തിലെയും തമിഴ്നാട്ടിലെയും കർണാടകത്തിലെയും ഉയർന്ന നികുതിയിൽനിന്നും രക്ഷനേടുക എന്നതാണ് ഇത്തരം റജിസ്ട്രേഷനുകളുടെ ലക്ഷ്യം.
കേരളത്തിൽ റജിസ്റ്റർ ചെയ്യുന്ന അന്തർ സംസ്ഥാന സ്ലീപ്പർ ബസിന് നികുതിയായി മൂന്നു മാസത്തേക്ക് ഒന്നേകാൽ ലക്ഷം രൂപയോളം നൽകണം. എന്നാൽ അരുണാചൽപ്രദേശിലോ നാഗാലാൻഡിലോ റജിസ്റ്റർ ചെയ്യുന്ന ബസുകൾക്ക് ഒരു വർഷത്തേക്ക് ഇതിന്റെ നാലിലൊന്നു പോലും വേണ്ട.ഇതുവഴി കേരള സർക്കാരിന് കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നത്.