നിരത്തിലെ ആയിരക്കണക്കിനു വരുന്ന ഡ്രൈവർമാർ വണ്ടിയോടിക്കുന്ന രീതികൾ വ്യത്യസ്തമാണ്. എപ്പോഴും സ്വയം പ്രതിരോധത്തിലൂന്നിയ ഡിഫൻസീവ് ഡ്രൈവിംഗ് ആണ് നാം മാതൃകയാക്കേണ്ടത്. ഉദാഹരണമായി വണ്ടി നിറുത്താൻ ആവശ്യപ്പെടുന്ന ചുവന്ന സിഗ്നൽ അവഗണിച്ച് ഒരു ഡ്രൈവർ വാഹനവുമായി മുന്നോട്ട് പോകുന്നു എന്ന് കരുതുക. പുറകിൽ നിന്ന് വരുന്നവർക്കും അതൊരു പ്രേരണ ആകാം. എന്നാൽ ആ പ്രേരണയെ അതിജീവിച്ച്, അങ്ങനെ ചെയ്യില്ല എന്നു തീരുമാനിച്ച് ഡ്രൈവ് ചെയ്യുന്നത് ഡിഫൻസീവ് ഡ്രൈവിംഗ് രീതിയാണ്.
വാഹനത്തിന്റെ ഇരുവശവും മുൻപിലും പിന്നിലുമുള്ള എല്ലാ കാര്യങ്ങളും ഡ്രൈവരുടെ ശ്രദ്ധയിൽപ്പെടണം. ഇടറോഡുകളിൽ നിന്ന് എപ്പോഴാണ് ഒരു വാഹനമോ കാൽനടയാത്രക്കാരനോ കടന്നുവരുന്നതെന്ന് നമുക്ക് ഊഹിക്കാൻ കഴിയില്ല.
മുന്നിലെ റോഡിന്റെ പരമാവധി ദൂരത്തിൽ കാഴ്ച പതിപ്പിച്ച് ശ്രദ്ധയോടെ വാഹനമോടിക്കുക. ഇത് അപകടസാധ്യതകളെ മുൻകൂട്ടി കാണുവാനും അതിനനുസരിച്ചു തീരുമാനങ്ങളെടുക്കുവാനും പ്രാപ്തമാക്കുന്നു.
എപ്പോൾ വേണമെങ്കിലും ഒരപകടം സംഭവിച്ചേക്കാം എന്ന കരുതലോടെ വേണം വാഹനമോടിക്കാൻ.
അത്യാവശ്യഘട്ടങ്ങളിൽ ബ്രേക്ക് ചെയ്താൽ മുന്നിലെ വാഹനത്തിൽ ഇടിക്കാതിരിക്കാൻ കൃത്യമായ അകലം പാലിച്ച് വാഹനം ഓടിക്കുക. മുന്നിലെ വാഹനത്തിന്റെ തൊട്ടുപിന്നാലെ പോകുന്നത് ഡിഫൻസീവ് ഡ്രൈവിംഗ് അല്ല.
കാഴ്ച റോഡിൽ നിന്നു മാറിപ്പോകുക, ഒറ്റകൈകൊണ്ട് അലക്ഷ്യമായി വാഹനമോടിക്കുക. മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിക്കുക തുടങ്ങി ശ്രദ്ധ വ്യതിചലിപ്പിക്കുന്ന പ്രവൃത്തികൾ ചെയ്തു കൊണ്ട് വാഹനമോടിക്കുന്നത് ഡിഫൻസീവ് ഡ്രൈവിങ് രീതിയല്ല.
മാനസിക സമ്മർദം, ടെൻഷൻ എന്നിവയുള്ളപ്പോൾ ഡ്രൈവിങ് സുരക്ഷിതമായിരിക്കില്ല.
മറ്റു ഡ്രൈവര്മാരോട് ദേഷ്യവും മത്സരവും ഡിഫൻസീവ് ഡ്രൈവിംഗ് രീതിയല്ല. ഉദാഹരണമായി ഒരാൾ നമ്മുടെ വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ വേഗം കൂട്ടാതെ അയാളെ കയറ്റി വിടാൻ അനുവദിക്കുക.
ഓർക്കുക, നിരത്തിലെ വിട്ടുവീഴ്ചകളാണ്, മത്സരമല്ല ഡിഫൻസീവ് ഡ്രൈവിംഗ്
#keralapolice#newsthen