ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പുതിയ പ്രസിഡന്റായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചുമതലയേറ്റു. ഇന്ന് രാവിലെ എ.ഐ.സി.സി ആസ്ഥാനത്തു നടന്ന ചടങ്ങിലാണ് മല്ലികാര്‍ജുല്‍ ഖാര്‍ഗെ പ്രസിഡന്റായി ഔദ്യോഗികമായി സ്ഥാനമേറ്റത്. തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി തെരഞ്ഞെടുപ്പ് വിജയത്തിന്റെ സര്‍ട്ടിഫിക്കറ്റ് ഖാര്‍ഗെയ്ക്കു കൈമാറി. ഈ മാസം 17 ന് നടന്ന തെരഞ്ഞെടുപ്പില്‍ ശശി തരൂരിനെയാണ് ഖാര്‍ഗെ പരാജയപ്പെടുത്തിയത്.
ചടങ്ങിനു മുന്നോടിയായി രാജ്ഘട്ടില്‍ എത്തി ഖാര്‍ഗെ പുഷ്പാര്‍ച്ചന നടത്തി. 24 വര്‍ഷത്തിനു ശേഷമാണ് ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാള്‍ കോണ്‍ഗ്രസ് പ്രസിഡന്റാകുന്നത്. രണ്ടു ഘട്ടങ്ങളിലായി 22 വര്‍ഷം കോണ്‍ഗ്രസിനെ നയിച്ച സോണിയ ഗാന്ധി പ്രസിഡന്റ് പദവിയില്‍നിന്ന് പടിയിറങ്ങി. സോണിയ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയമായിരിക്കും പ്രസിഡന്റ് എന്ന നിലയില്‍ ഖാര്‍ഗെ പങ്കെടുക്കുന്ന ആദ്യ യോഗം. ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ ഇന്നു വൈകിട്ട് ചേരുന്ന യോഗത്തില്‍ രാഹുല്‍, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, ഗുജറാത്ത് സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷന്‍ രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുക്കും.
എ.ഐ.സി.സി പ്ലീനറി സമ്മേളനം 3 മാസത്തിനകം നടക്കും. പ്രവര്‍ത്തക സമിതിയിലേക്കുള്ള പുതിയ അംഗങ്ങളെ സമ്മേളനത്തില്‍ തീരുമാനിക്കും. 25 അംഗ സമിതിയിലെ 12 പേരെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്താന്‍ ഖാര്‍ഗെ തയാറാകുമെന്നാണു സൂചന. 1997 ലെ കൊല്‍ക്കത്ത പ്ലീനറിയിലാണ് ഏറ്റവുമൊടുവില്‍ സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്.