കുലുക്കമില്ലാതെ ഗവര്‍ണര്‍; രണ്ടു വി.സിമാര്‍ക്കുകൂടി കാരണം കാണിക്കല്‍ നോട്ടീസ്
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടു വൈസ് ചാന്‍സലര്‍മാര്‍ക്കുകൂടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥിനും ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി.എം. മുബാറക് പാഷയ്ക്കുമാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
ഇരു വി.സിമാരുടെയും നിയമനത്തില്‍ യു.ജി.സി. ചട്ടലംഘനമുണ്ടായിട്ടുണ്ടെന്ന് രാജ്ഭവന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സാങ്കേതിക സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ നീക്കം. നവംബര്‍ നാലിനകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്.
സമീപകാലത്താണ് ഇരു സര്‍വകലാശാലകളും രൂപവത്കരിക്കപ്പെട്ടിട്ടുള്ളത്. സര്‍ക്കാര്‍ വി.സിയുടെ പേര് നിര്‍ദേശിക്കുകയും ഗവര്‍ണര്‍ അത് അംഗീകരിക്കുകയുമായിരുന്നു. സാധാരണ പുതിയ സര്‍വകലാശാല രൂപവത്കരിക്കുമ്പോള്‍ ഈ രീതിയില്‍ തന്നെയാണ് നിയമനം. എന്നാല്‍ കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഈ നിയമനങ്ങളെ ചോദ്യം ചെയ്യാനാകും.
ഇരു സര്‍വകലാശാലകള്‍ക്കും യു.ജി.സിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ ഇവയിലെ വി.സി. നിയമനം യു.ജി.സി. ചട്ടപ്രകാരം നടത്തേണ്ടതുണ്ട്. അതിനാലാണ് നിലവിലെ വി.സിമാരെ ഒഴിവാക്കി, സെര്‍ച്ച് കമ്മിറ്റി രൂപവത്കരിച്ച് പുതിയ വി.സിമാരെ കണ്ടെത്താനുള്ള നടപടിയിലേക്ക് ഗവര്‍ണര്‍ കടക്കുന്നത്.