പത്തനംതിട്ട: തോട്ടപ്പുഴശേരിയില്‍ ആളുകളെ ആക്രമിച്ച കുറുനരി(ഊളന്‍)യെ ചത്ത നിലയില്‍ കണ്ടെത്തി. ചരല്‍ക്കുന്ന്, പെരുമ്പാറ ഭാഗത്ത് ആളുകളെയും വളര്‍ത്തു മൃഗങ്ങളെയും ആക്രമിച്ച കുറുനരിയാണ് ചത്തത്. പേവിഷ ബാധയുള്ളതായി സംശയിക്കുന്നു. വെള്ളിയാഴ്ച രാവിലെ മുതലാണ് കുറുനരിയെ പെരുമ്പാറ ഭാഗത്ത് കണ്ടത്. അക്രമ സ്വഭാവം പ്രകടിപ്പിച്ച കുറുനരി, കുറുക്കനെന്നാണ് ആദ്യം നാട്ടുകാര്‍ കരുതിയത്.
ചരല്‍ക്കുന്ന് സ്വദേശി പ്രസന്നകുമാറിന്റെ കാല്‍മുട്ടിലും കൈയിലും ഇത് കടിച്ച് പരുക്കേല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ കുറുനരിയെ ഓടിക്കുകയായിരുന്നു. പിന്നാലെ ഇത് അരുവിക്കഴ ഭാഗത്ത് എത്തി വഴിയിലെ നിരവധി വളര്‍ത്ത് മൃഗങ്ങളെയും ആക്രമിച്ചു. നാട്ടുകാര്‍ വിവരമറിച്ചതിനെ തുടര്‍ന്നാണ് വനപാലകര്‍ എത്തിയത്.
കുറുക്കന് അക്രമവാസനയില്ലെന്നും മനുഷ്യരെ കണ്ടാല്‍ ഓടിപ്പോകുമെന്നും വനപാലകര്‍ പറഞ്ഞു. പിന്നീട് കുറുനരിയെ ചത്ത നിലയില്‍ പെരുമ്പാറയ്ക്ക് മുകളിലുള്ള കുന്നോക്കാലിലെ പറമ്പില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. വായില്‍നിന്നു നുരയും പതയും വന്ന നിലയിലായിരുന്നു ജഡം. വേറെയും കുറുനരികള്‍ എത്തിയിട്ടുണ്ടോയെന്ന് സംശയത്തിലാണ് നാട്ടുകാര്‍.