സിയാറ്റില്‍: അമേരിക്കയില്‍ ഭര്‍ത്താവ് കുത്തിപരുക്കേല്‍പ്പിച്ച ശേഷം ജീവനോടെ കുഴിച്ചിട്ട യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. വാഷിങ്ടണ്‍ സംസ്ഥാനത്തെ തേസ്റ്റണിലാണ് സംഭവം. 42 വയസുകാരിയായ യോങ്ങ് സൂക്ക് ആനിനെയാണ് ഭര്‍ത്താവ് ക്രൂരമായി കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം വനപ്രദേശത്ത് ജീവനോടെ കുഴിച്ചുമൂടിയത്. പിന്നീട് യുവതി കുഴിയിലെ മണ്ണു മാറ്റി അത്ഭുതകരമായി രക്ഷപ്പെട്ടു.
യുവതിയെ ഭര്‍ത്താവ് വീട്ടില്‍ നിന്ന് ബലമായി പിടിച്ചുകൊണ്ടുപോകുകയും കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. ശേഷം കൈകാലുകള്‍ ടേപ്പുകൊണ്ട് ബന്ധിച്ച് കാടിനുള്ളില്‍ കുഴിച്ചു മൂടി. ശബ്ദം പുറത്തു വരാതെയിരിക്കാന്‍ മുഖവും ടേപ്പ് കൊണ്ട് ചുറ്റിവരിഞ്ഞു. കുറച്ചു സമയത്തിന്ശേഷം ബോധം വീണ്ടടുത്ത യുവതി ശ്രമകരമായി കുഴിയിലെ മണ്ണു മാറ്റി പുറത്തെത്തി. ഇതിനകം കൈയിലെ സ്മാര്‍ട്ട് വാച്ചിലൂടെ പോലീസിനെ വിളിക്കുകയും ചെയ്തു. സമീപത്തെ ഒരു കെട്ടിടത്തില്‍ ഒളിച്ചിരുന്ന യുവതിയെ പോലീസ് കണ്ടെത്തി രക്ഷപ്പെടുത്തി.
സംഭവത്തില്‍ യോങ്ങിന്റെ ഭര്‍ത്താവ് ചായ് ക്യോങ്ങ് ആനിനെ പോലീസ് അറസ്റ്റു ചെയ്തു. ഇവര്‍ തമ്മില്‍ അകന്നു കഴിയുകയായിരുന്നെന്നും വിവാഹബന്ധം വേര്‍പ്പെടുത്താനുള്ള കേസ് നടക്കുകയാണെന്നും പോലീസ് പറയുന്നു. ഇയാള്‍ യുവതിയോട് പണം ആവശ്യപ്പെട്ടിരുന്നു. ഇത് വിസമ്മതിച്ചതിലുള്ള പ്രതികാരമായാണ് യുവതിയോട് ക്രൂരത കാട്ടിയതെന്നാണ് പോലീസ് പറയുന്നത്.
പോലീസ് കസ്റ്റഡിയിലാണുള്ള പ്രതിക്കെതിരേ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ശാരീരിക ആക്രമണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.