പത്തനംതിട്ട : മത്സരത്തില്‍ പങ്കെടുക്കാന്‍ പുറത്തു നിന്നും ആളുകളെ ഇറക്കിയതിനെ തുടര്‍ന്ന് ആറന്മുള ഉത്രട്ടാതി ജലമേളയിലെ മത്സര വിജയികളുടെ ട്രോഫികള്‍ തിരിച്ചു വാങ്ങാന്‍ തീരുമാനം.
എ ബാച്ച് പള്ളിയോളങ്ങളുടെ മത്സരത്തില്‍ ഒന്നാം സ്ഥാനം കിട്ടിയ മല്ലപ്പുഴശ്ശേരിയുടെയും രണ്ടാം സ്ഥാനക്കാരായ കുറിയന്നൂരിന്റെയും ട്രോഫിയാണ് തിരിച്ചു വാങ്ങുക.
ഇതോടൊപ്പം മല്ലപ്പുഴശ്ശേരി, കുറിയന്നൂര്‍, പുന്നന്തോട്ടം പള്ളിയോടങ്ങള്‍ക്ക് രണ്ടു വര്‍ഷത്തേക്ക് വിലക്കും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മത്സരത്തിന് ശേഷമാണ് പള്ളിയോടങ്ങളില്‍ മത്സത്തിനായി പങ്കെടുത്തവവര്‍ കൂലിക്കായി പുറത്തു നിന്നെത്തിയവരാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് പള്ളിയോടം സേവാ സംഘം എക്‌സിക്യൂട്ടീവ് യോഗം വിളിച്ചു ചേര്‍ത്ത് നടപടി സ്വീകരിക്കുകയായിരുന്നു.
പള്ളിയോടം സേവാ സംഘം എക്‌സിക്യൂട്ടീവ് അംഗം ശരത് പുന്നന്തോട്ടം, ട്രഷറര്‍ സഞ്ജീവ് കുമാര്‍ എന്നിവര്‍ക്കും രണ്ടുവര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ പള്ളിയോടങ്ങള്‍ അടുത്ത രണ്ട് വര്‍ഷത്തേയ്ക്ക് വള്ളസദ്യയുടെ ബുക്കിങ് എടുക്കരുതെന്നും കമ്മിറ്റി നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്.