CrimeNEWS

പാനൂർ കൊലപാതകം: പിടിക്കപ്പെടുകയാണെങ്കിൽ പൊലീസിനെ ചുറ്റിക്കാനും താനല്ല കുറ്റവാളിയെന്ന് സമർത്ഥിക്കാനും പ്രതി ഉപയോ​ഗിച്ചത് ബാർബർ ഷോപ്പിൽ നിന്നെടുത്ത മുടി

കണ്ണൂർ: പാനൂരിൽ വിഷ്ണുപ്രിയയെന്ന 23കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം പ്രതിയായ ശ്യാംജിത് ഇതേ വീട്ടിൽ വെച്ച് തന്നെ വസ്ത്രം മാറി‌. കൈയ്യുറയും മാസ്കും സോക്സും ഷൂസും അടക്കമുള്ളവ തന്റെ കൈയ്യിലുണ്ടായിരുന്ന ബാഗിലാക്കി. കൊല്ലാൻ ഉപയോഗിച്ച കത്തിയും ചുറ്റികയും ഇരുമ്പ് കമ്പിയും അറ്റകൈ പ്രയോഗത്തിനായി കൈയ്യിൽ കരുതിയ മുളകുപൊടിയും അടക്കമുള്ളവ ബാഗിൽ തന്നെയാണ് വെച്ചത്.

തുടർന്ന് വിഷ്ണുപ്രിയയുടെ വീട്ടിൽ നിന്ന് ബൈക്ക് ഓടിച്ച് പോയ പ്രതി ഇതേ ബാഗിൽ ഒരു ബാർബർ ഷോപ്പിൽ നിന്നെടുത്ത മുടിയും വെച്ചിരുന്നു. ഇനി പിടിക്കപ്പെടുകയാണെങ്കിൽ മുടിയിലെ ഡിഎൻഎ വെച്ച് താനല്ല കുറ്റവാളിയെന്ന് സമർത്ഥിക്കാനും പൊലീസിനെ വഴിതിരിച്ചുവിടാനുമായിരുന്നു ഇത്.

Signature-ad

ബൈക്കുമായി നേരെ മാനന്തേരിയിലേക്കാണ് ശ്യാംജിത് പോയത്. വീടിനടുത്തുള്ള ഒരു കുഴിയിൽ ബാഗ് വെച്ച് അതിന് മീതെ ഒരു കല്ലും ശ്യാംജിത് എടുത്ത് വെച്ചു. തുടർന്ന് സ്വന്തം വീട്ടിൽ പോയി. ഇവിടെ നിന്ന് കുളിച്ച് വസ്ത്രം മാറിയ ശേഷം മാനന്തേരിയിൽ അച്ഛന്റെ ഹോട്ടലിലേക്കാണ് ഇയാൾ പോയത്. ഇവിടെ വെച്ച് ഭക്ഷണം വിളമ്പുകയായിരുന്ന പ്രതിയെ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതി വള്ളിപുള്ളി തെറ്റാതെ എല്ലാ കഥയും വെളിപ്പെടുത്തി.

അതേസമയം പാനൂരിൽ വിഷ്ണുപ്രിയയെന്ന 23 കാരിയെ വധിക്കാൻ പ്രതി ശ്യാംജിതിന് പ്രചോദനമായത് സീരിയൽ കില്ലറുടെ കഥ പറഞ്ഞ മലയാളം സിനിമയെന്ന് പൊലീസിന്റെ കണ്ടെത്തൽ. വധിക്കാനായി ഇരുതല മൂർച്ചയുള്ള കത്തി സ്വന്തമായി നിർമ്മിച്ച പ്രതി, പാനൂരിലെ വീട്ടിൽ വെച്ച് ചുറ്റിക കൊണ്ട് യുവതിയെ തലക്കടിച്ച് വീഴ്ത്തി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

ഇന്ന് രാവിലെ മാനന്തേരിയിൽ എത്തിച്ച് നടത്തിയ തെളിവെടുപ്പിൽ പ്രതി ഉപയോഗിച്ച ആയുധങ്ങളും മറ്റ് വസ്തുക്കളും കണ്ടെത്തി. വീടിനടുത്തെ കുഴിയിൽ ഉപേക്ഷിച്ച ബാഗിൽ മാസ്ക്, ഷൂ, ഷർട്ട്, കൈയ്യുറ, വെള്ളക്കുപ്പി, സോക്സ്, മുളകുപൊടി, ഇടിക്കട്ട, കുത്തി പരിക്കേൽപിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പിൻ്റെ ആയുധം, ചുറ്റിക, കത്തി എന്നിവയാണ് ഉണ്ടായത്.

ഇന്ന് തന്നെ പ്രതിയെ കോടതിയിൽ ഹാജരാക്കും. വിഷ്ണുപ്രിയയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ ഇന്ന് രാവിലെ 10 മണിക്ക് പോസ്റ്റ്മോർട്ടം പരിശോധനക്ക് വിധേയമാക്കും. തുടർന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ സംസ്കരിക്കും.

Back to top button
error: