KeralaNEWS

പണമിടപാട് തർക്കം, കാറിലെത്തിയ സംഘം സ്‌കൂട്ടര്‍ യാത്രക്കാരനായ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി

കോഴിക്കോട് താമരശ്ശേരിയിൽ വ്യാപാരിയെ കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയി. തച്ചംപൊയിൽ ആവേലം മുരിങ്ങംപുറായിൽ അഷ്റഫിനെയാണ് തട്ടിക്കൊണ്ടുപോയത്. താമരശേരി വെഴുപ്പൂര്‍ സ്‌കൂളിന് സമീപം ശനിയാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. കൊടിയത്തൂര്‍ കേന്ദ്രീകരിച്ചുള്ള സംഘമാണ് പിന്നിലെന്നാണ് സംശയം.

സാമ്പത്തിക തർക്കങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന.

Signature-ad

മുക്കത്ത് സൂപ്പർ മാർക്കറ്റ് നടത്തുന്ന അഷ്റഫ് രാത്രി വീട്ടിലേക്ക് മടങ്ങും വഴിയാണ് സംഭവം. വെഴുപ്പൂരിൽ വച്ച് പിന്നാലെയെത്തിയ കാർ അഷ്റഫ് സഞ്ചരിച്ച സ്കൂട്ടറിന് കുറുകെ നിറുത്തി. ഡ്രൈവർ ഉൾപ്പടെ നാലുപേർ പുറത്തിറങ്ങി അഷ്റഫിനെ ബലമായി പിടികൂടി കാറിൽ കയറ്റി. സംഘത്തിലെ ഒരാൾ സ്കൂട്ടർ റോഡരികിലേക്ക് മാറ്റി നിറുത്തിയ ശേഷം പുറകിൽ വന്ന കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. റോഡരികില്‍ ഉപേക്ഷിച്ച സ്‌കൂട്ടര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
മുക്കം ഭാഗത്തേക്കാണ് സംഘം പോയത്.

ഇവരെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു.
പ്രവാസിയായിരുന്ന അഷ്റഫിന് അവിടെ വച്ച് ചില സാമ്പത്തിക ഇടപാട് തർക്കങ്ങളുണ്ടായിരുന്നു. ഇതാണ് തട്ടിക്കൊണ്ടു പോകലിന് കാരണമെന്നാണ് പൊലീസ് നിഗമനം. താമരശേരി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

Back to top button
error: