KeralaNEWS

വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവന്‍, ഹോട്ടലിലേക്ക് ക്ഷണിച്ചു; സി.പി.എം നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി സ്വപ്ന

തിരുവനന്തപുരം: മുന്‍ മന്ത്രിമാരായ കടംകംപള്ളി സുരേന്ദ്രനും തോമസ് ഐസക്കിനും മുന്‍ സ്പീക്കര്‍ ശ്രീരാമ കൃഷ്ണനുമെതിരേ ഗുരുതര ലൈംഗികാരോപണവുമായി സ്വപ്ന സുരേഷ്. കടകംപള്ളി കൊച്ചിയില്‍ വച്ച് ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചുവെന്നും ശ്രീരാമകൃഷ്ണന്‍ ഔദ്യോഗിക വസതിയിലേക്ക് ഒറ്റക്ക് വരാന്‍ ആവശ്യപ്പെട്ടെന്നും തോമസ് ഐസക് മൂന്നാറിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞതായും സ്വപ്ന വെളിപ്പെടുത്തി. സ്വപ്‌നയുടെ ആത്മകഥ ‘ചതിയുടെ പത്മവ്യൂഹം’ എന്ന പുസ്തകം പുറത്തിറങ്ങിയതിനു പിന്നാലെ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സ്വപ്‌നയുടെ വെളിപ്പെടുത്തല്‍.

ഗുരുതര ആരോപണമാണ് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിേെര സ്വപ്നാ സുരേഷ് നടത്തിയത്. ഒരു എം.എല്‍.എയോ മന്ത്രിയോ ആയിരിക്കാന്‍ യോഗ്യതയില്ലാത്ത വ്യക്തിയാണ് കടകംപള്ളി സുരേന്ദ്രനെന്ന് സ്വപ്ന തുറന്നടിച്ചു. ഒരു രാഷ്ട്രീയക്കാരനാകാന്‍ പോലും കടകംപള്ളിക്ക് അര്‍ഹതയില്ല. ഒരു കാരണവശാലും വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവനാണ് കടകംപള്ളി. കേറിപ്പിടിച്ചു, പീഡനം എന്നൊന്നും പറയാനില്ല. അതൊന്നും സംഭവിച്ചതായും പറയുന്നില്ല. ഫോണില്‍ കൂടി മോശമായി സംസാരിക്കുകയും ലൈംഗിക ചുവയോടെ പെരുമാറുകയും ചെയ്തിട്ടുണ്ട്. വീട്ടിലേക്ക് വരാമെന്നും ഹോട്ടലില്‍ റൂമെടുക്കാമെന്നും പറഞ്ഞു. ലൈംഗിക ചുവയുള്ള മെസേജുകള്‍ അയച്ചു. റൂമിലേക്ക് ചെല്ലാനായി നിര്‍ബന്ധിച്ചു. സാധാരണ പല സ്ത്രീകളും ചെയ്യുന്നത് പോലെ എനിക്കും ആ മെസേജുകള്‍ ദുരുപയോഗം ചെയ്യാനും ബ്ലാക് മെയില്‍ ചെയ്യാനും കഴിയുമായിരുന്നു. എന്നാല്‍ താനത് ചെയ്തിട്ടില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

Signature-ad

ഇക്കാര്യങ്ങള്‍ ശിവശങ്കറിന് അറിയാമായിരുന്നുവെന്നും സ്വപ്ന വെളിപ്പെടുത്തി. മന്ത്രിയല്ലേ ആരോടും പറയണ്ടെന്നാണ് ശിവശങ്കര്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കിയത്. ഇതിനെല്ലാം തെളിവുണ്ടെന്നും അത് ഇ.ഡിക്ക് കൈമാറിയതായും സ്വപ്ന വിശദീകരിച്ചു. പറയുന്നത് ശരിയല്ലെന്നാണെങ്കില്‍ കടകംപള്ളി തനിക്കെതിരേ കേസ് കൊടുക്കട്ടെയെന്നും അതല്ലെങ്കില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് സംസാരിക്കാന്‍ തയ്യാറാകട്ടെയെന്നും സ്വപ്ന വെല്ലുവിളിച്ചു.

ബോള്‍ഗാട്ടിയിലെ ഹയാത്ത് ഹോട്ടല്‍ ഉദ്ഘാടനത്തിന് കടകംപള്ളി വന്നിരുന്നുവെന്നും അവിടെവെച്ചും അപമര്യാദയായി പെരുമാറിയെന്നും സ്വപ്ന ആരോപിച്ചു. ഹോട്ടല്‍ ഉദ്ഘാടനത്തിന് ഞാനുമുണ്ടായിരുന്നു. ഹോട്ടലില്‍ റൂമെടുക്കാമെന്ന് വരെ അന്ന് കടകംപള്ളി പറഞ്ഞിരുന്നു. കടംകംപള്ളിക്കെതിരേ ആ ഘട്ടത്തില്‍ പ്രതികരിച്ചിട്ടുണ്ട്. മര്യാദയോടെ പെരുമാറണമെന്നും പറഞ്ഞിട്ടുണ്ട്. അതിന് ശേഷം കടകംപള്ളിക്ക് തന്നോടു വിരോധമായിരുന്നുവെന്നും സ്വപ്ന പറഞ്ഞു.

മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ കോളേജ് വിദ്യാര്‍ത്ഥിയെ പോലെയാണ് തന്നോട് പെരുമാറിയിട്ടുള്ളതെന്നും സ്വപ്ന പറഞ്ഞു. ‘കോളേജ് കുട്ടികളെപ്പോലെ ഐ ലവ് യൂ എന്നെല്ലാമുളള അനാവശ്യ മെസേജുകളയക്കുന്ന ബാലിശ സ്വഭാവക്കാരനാണ് മുന്‍ സ്പീക്കര്‍. ഔദ്യോഗിക വസതിയിലെ മദ്യപാന സദസിനിടെ മോശമായി പെരുമാറി. ഒറ്റയ്ക്ക് ഔദ്യോഗിക വസതിയിലെത്താന്‍ ആവശ്യപ്പെട്ടു. ഇത്തരം ‘ഫ്രസ്ട്രേഷനുകളുള്ളയാളാണ്’ ശ്രിരാമകൃഷണനുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. തോമസ് ഐസകും മോശമായി സംസാരിച്ചു. മറ്റുള്ളവരെ പോലെ നേരിട്ട് പറഞ്ഞിരുന്നില്ല. ഒരിക്കല്‍ മൂന്നാറിലേക്ക് ക്ഷണിച്ചു. മൂന്നാര്‍ സുന്ദരമായ സ്ഥലമാണെന്ന് പറഞ്ഞു. സൂചനകള്‍ തന്നാണ് തോമസ് ഐസക്ക് പെരുമാറിയതെന്നും സ്വപ്ന വെളിപ്പെടുത്തി.

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: