വിവാഹമോചനത്തിനുള്ള ഭർത്താവിൻ്റെ നോട്ടീസ് ലഭിച്ചതിന് പിന്നാലെ യുവതി പത്താംനിലയിലെ ഫ്ളാറ്റിൽനിന്ന് ചാടി ജീവനൊടുക്കി. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ എച്ച്.ആർ. മാനേജരായി ജോലി ചെയ്യുന്ന ഉപാസന റാവത്ത് എന്ന 34 കാരിയാണ് ചൊവ്വാഴ്ച ഫ്ളാറ്റിൽനിന്ന് ചാടി ആത്മഹത്യ ചെയ്തത്.
ഉപാസനയും സോഫ്റ്റ് വെയർ എൻജിനീയറായ നിഹർ രഞ്ജൻ റൗത്താരിയും എട്ടുവർഷം മുമ്പാണ് വിവാഹിതരായത്. കഴിഞ്ഞ രണ്ടുവർഷമായി ദമ്പതിമാർക്കിടയിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിനുപിന്നാലെയാണ് ഭർത്താവ് വിവാഹമോചനം തേടി നോട്ടീസ് അയച്ചത്. ഈ വിവാഹമോചന നോട്ടീസ് കൈപ്പറ്റിയതിന് പിന്നാലെയാണ് യുവതി ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ ഫ്ളാറ്റിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഭർത്താവ് മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി ഉപാസനയുടെ കുറിപ്പിലുണ്ട്. യുവതിയുടെ കുടുംബം പരാതി നൽകിയതിനെ തുടർന്ന് ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് ഭർത്താവായ നിഹറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
എന്നാൽ ഭാര്യ ഭർത്താവ് നിഹറിനോട് മോശമായി പെരുമാറുന്ന ചില വീഡിയോകൾ അയാൾ ഹാജരാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ഉപാസന വഴക്കിടുന്നതും ശകാരിക്കുന്നതുമെല്ലാം അടങ്ങിയ വീഡിയോകളാണ് ഭർത്താവ് പൊലീസിന് മുന്നിൽ ഹാജരാക്കിയത്. താൻ ഭാര്യയിൽനിന്ന് നേരിടുന്ന ഉപദ്രവം കോടതിയിൽ തെളിയിക്കാൻ വേണ്ടിയാണ് ഇതെല്ലാം റെക്കോഡ് ചെയ്ത് സൂക്ഷിച്ചതെന്ന് നിഹർ പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി.