ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടികൂടിയത് 12.5 കിലോഗ്രാം കഞ്ചാവ്. വിമാനത്താവളത്തില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് ദുബൈ കസ്റ്റംസ് അധികൃതര്‍ കഞ്ചാവ് പിടിച്ചെടുത്തത്.
ആഫ്രിക്കന്‍ രാജ്യത്ത് നിന്നെത്തിയ യാത്രക്കാരനാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ഓപ്പറേഷന്‍സ് വിഭാഗം ഇന്‍സ്‌പെക്ഷന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. സംശയം തോന്നിയ ബാഗ് എക്‌സ്‌റേ മെഷീന്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ സാധാരണയിലധികം ഭാരം തോന്നി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ബാഗിന്റെ ഉള്ളില്‍ വിദഗ്ധമായി ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
ആദ്യത്തെ ബാഗില്‍ രണ്ട് പ്ലാസ്റ്റിക് ബാഗുകളിലായി 2.9 കിലോഗ്രാം, 2.7 കിലോഗ്രാം എന്നിങ്ങനെയാണ് കഞ്ചാവ് പിടികൂടിയത്. രണ്ടാമത്തെ ബാഗില്‍ നിന്നും 3.4 കിലോഗ്രാം, 3.5 കിലോഗ്രാം എന്നിങ്ങനെ രണ്ട് പ്ലാസ്റ്റിക് പാക്കറ്റുകളിലായി കഞ്ചാവ് ഒളിപ്പിച്ചിരിക്കുകയായിരുന്നു.