ലഖ്നൗ: എഞ്ചിനീയറിംഗ്, എംബിബിഎസ് കോഴ്സുകൾ ഉടൻ തന്നെ ഹിന്ദിയിലും പഠിപ്പിക്കാൻ ആരംഭിക്കുമെന്ന് ഉത്തർപ്രദേശ് സർക്കാരിന്റെ പ്രഖ്യാപനം. ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ത്യയിലെ ആദ്യത്തെ എംബിബിഎസ് പുസ്തകം ഹിന്ദിയിൽ പുറത്തിറക്കി ദിവസങ്ങൾക്കുള്ളിലാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പുതിയ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.
മെഡിക്കൽ വിദ്യാഭ്യാസത്തിനും എഞ്ചിനീയറിംഗിനുമുള്ള പുസ്തകങ്ങൾ വിവർത്തനം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞതായി യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു. “ഉത്തർപ്രദേശിലെ ചില മെഡിക്കൽ, എഞ്ചിനീയറിംഗ് പുസ്തകങ്ങൾ ഹിന്ദിയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്, വരും വർഷങ്ങളിൽ ഈ കോഴ്സുകളും പുസ്തകങ്ങളും ഹിന്ദിയിൽ ലഭ്യമാകും”. അദ്ദേഹം ട്വീറ്റ് ചെയ്തു. വരുന്ന വർഷം മുതൽ സംസ്ഥാനത്തെ സർവ്വകലാശാലകളിലും കോളേജുകളിലും ഈ വിഷയങ്ങളുടെ കോഴ്‌സുകൾ ഹിന്ദിയിലും പഠിക്കാനാകുമെന്നും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
ഒക്‌ടോബർ 16-ന് ഭോപ്പാലിലെ ഗാന്ധി മെഡിക്കൽ കോളേജിൽ വെച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ത്യയിലെ ആദ്യത്തെ ഹിന്ദി എംബിബിഎസ് പുസ്തകം പുറത്തിറക്കിയിരുന്നു. ഇതോടെ എംബിബിഎസ് ഉദ്യോഗാർത്ഥികൾക്ക് ഹിന്ദിയിൽ മെഡിക്കൽ വിദ്യാഭ്യാസം നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മധ്യപ്രദേശ് മാറി. ഇവിടെ ഇപ്പോൾ മൂന്ന് വിഷയങ്ങളാണ് ഹിന്ദിയിൽ പഠിക്കാൻ അവസരമുള്ളത്. അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി എന്നിവയാണത്. റിപ്പോർട്ടുകൾ പ്രകാരം, 97 വിദഗ്ധരുടെ ഒരു സംഘമാണ് ഈ ഹിന്ദി എംബിബിഎസ് പുസ്തകങ്ങൾ തയ്യാറാക്കുന്നതിനായി പ്രവർത്തിച്ചത്. ഇംഗ്ലീഷിൽ നിന്ന് ഹിന്ദിയിലേക്ക് സിലബസ് വിവർത്തനം ചെയ്യാൻ ഇവർ 232 ദിവസങ്ങൾ ചെലവഴിച്ചതായാണ് റിപ്പോർട്ട്. ഛത്തീസ്ഗഢിലെ ബിലാസ്പൂരിലെ അടൽ ബിഹാരി വാജ്പേയി വിശ്വവിദ്യാലയത്തിലെ ഒന്നാം സെമസ്റ്റർ വിദ്യാർത്ഥികൾക്കും ഹിന്ദിയിൽ എംബിബിഎസ് പുസ്തകങ്ങൾ ലഭ്യമാക്കുമെന്ന് അമിത് ഷാ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.