KeralaNEWS

കേന്ദ്ര നിര്‍ദേശം; നാദാപുരത്ത് ദ്രുതകര്‍മ സേന റൂട്ട് മാര്‍ച്ച് നടത്തി

കോഴിക്കോട്: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം നാദാപുരത്ത് കേന്ദ്ര ദ്രുതകര്‍മ സേനാംഗങ്ങള്‍ റൂട്ട് മാര്‍ച്ച് നടത്തി. കര്‍ണാടകയിലെ ഷിമോഗ ജില്ലയിലെ ഭദ്രാവതി ക്യാംപിലെ ആര്‍എഎഫ് 97 ബറ്റാലിയനിലെ 60 അംഗ സേനയാണു റൂട്ട് മാര്‍ച്ച് നടത്തിയത്. മത-സാമുദായിക സ്പര്‍ധകളും, രാഷ്ട്രീയ സംഘര്‍ഷ സാധ്യതയും ഏറിയ പ്രദേശങ്ങളില്‍ നിയമവ്യവസ്ഥ ഉറപ്പ് വരുത്തുക, പൊതുജനങ്ങളുടെ ഭീതി അകറ്റുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു റൂട്ട് മാര്‍ച്ച്.

കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് കോഴിക്കോട് റൂറല്‍ ജില്ലയിലെ പ്രശ്‌നസാധ്യതാ മേഖലകളായ കുറ്റ്യാടി, നാദാപുരം, പേരാമ്പ്ര ഉള്‍പ്പെടെ 10 പോലീസ് സ്റ്റേഷന്‍ പരിധിയിലാണു കേന്ദ്ര സേനാംഗങ്ങള്‍ എത്തിയത്. നാദാപുരം ഉള്‍പ്പെടെ മൂന്ന് സ്റ്റേഷന്‍ പരിധിയില്‍ റൂട്ട് മാര്‍ച്ച് നടത്തി. ഈ സ്റ്റേഷന്‍ പരിധിയിലെ രാഷ്ട്രീയവും മതപരവും ആയതും മുന്‍ സംഘര്‍ഷങ്ങള്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങളുടെയും വിവരങ്ങള്‍ ശേഖരിച്ചതായി ആര്‍.എ.എഫ് അധികൃതര്‍ പറഞ്ഞു.

Signature-ad

സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ആഭ്യന്തര മന്ത്രാലയം അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നതെന്നും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചു വരികയാണെന്നും അധികൃതര്‍ പറഞ്ഞു. ശേഖരിച്ച ഡേറ്റകള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിനു കൈമാറും. നാദാപുരം സി.ഐയുടെ നേതൃത്വത്തില്‍ പോലീസും റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്തു. ഈ മാസം 20 വരെ സേനാംഗങ്ങള്‍ കേരളത്തില്‍ ക്യാംപ് ചെയ്യും.

 

Back to top button
error: