NEWS

പോലീസ് ബഹുമതിയോടെ സാധാരണക്കാരനും ശവ സംസ്കാരം; ഇത് പത്തനംതിട്ട മണിയാറിന്റെ മാത്രം പ്രത്യേകത

പത്തനംതിട്ട: പോലീസ് ബഹുമതിയോടെ ശവ സംസ്കാരം എന്നത് വിഐപികൾക്കുള്ളതാണ്.എന്നാൽ പത്തനംതിട്ട ജില്ലയിലെ സീതത്തോട്, ചിറ്റാർ പഞ്ചായത്തുകാർ മരിച്ചാൽ ആഗ്രഹിക്കാതെ തന്നെ കിട്ടും ആ ബഹുമതി.പക്ഷേ മൃതദേഹം മണിയാർ ആംഡ് പോലീസ് ക്യാപിനു മുന്നിലൂടെ കൊണ്ടുപോകണമെന്ന് മാത്രം.
 മരിച്ചവർക്കു സംസ്ഥാനത്തു മറ്റൊരു സ്ഥലത്തും കിട്ടാത്ത ബഹുമതി ഇവിടെ ലഭിക്കും.
പോലീസ് ക്യാംപുകളിൽ ആയുധങ്ങൾ സൂക്ഷിക്കുന്ന ഡ്യൂട്ടി ഓഫീസിനു മുന്നിലൂടെ മൃതദേഹം കൊണ്ടുപോയാൽ പ്രസന്റ് ആം എന്ന ബഹുമതി നിർബന്ധമായും നൽകണമെന്നാണ് ചട്ടം. സംസ്ഥാനത്തു മറ്റെല്ലാ ക്യാംപുകളിലും ആയുധപ്പുര ഉൾഭാഗത്താണ്. മണിയാറിൽ റോഡരികിലാണെന്നതാണ് പ്രത്യേകത.
പ്രസന്റ് ആം അത്ര ചെറിയ ബഹുമതിയല്ല. ജീവിച്ചിരിക്കുന്നവരിൽ എസ്പി റാങ്കിലും അതിനുമുകളിലുള്ളവർ ഡ്യൂട്ടി ഓഫീസിനു മുന്നിലെത്തുമ്പോഴാണ് പ്രസന്റ് ആം നൽകുന്നത്. ഡിഐജി റാങ്കിന് മുകളിലുള്ളവർ എത്തിയാലേ ബ്യൂഗിൾ മുഴക്കൂ. മൃതദേഹത്തിനു കിട്ടുന്നത് ഇതേ ആദരവാണ്. ആകാശത്തേക്കു വെടി ഒഴികെ എല്ലാ ചടങ്ങുകളുമുണ്ടാവും.
 സീതത്തോട്, ചിറ്റാർ പ്രദേശങ്ങളിൽ നിന്ന് പുറത്തുള്ള ആശുപത്രികളിൽ നിന്ന് എത്തിക്കുന്ന മൃതദേഹങ്ങളെല്ലാം മണിയാറിലെ പ്രസന്റ് ആം ഏറ്റുവാങ്ങാറുണ്ട്. ആംബുലൻസ് ഡ്രൈവർമാർക്ക് ഈ ചടങ്ങ് അറിയാം. അവർ അകലെ നിന്നേ ലൈറ്റ് തെളിയിച്ചു ക്യാംപിലുള്ളവർക്കു സൂചന നൽകും. ഇതല്ലാതെ ക്യാംപിലുള്ളവർക്കു മുൻകൂർ അടയാളമൊന്നുമില്ല.
മൃതദേഹവുമായി വാഹനം എത്തുമ്പോൾ എ പോസ്റ്റ് സെൻട്രിയിൽ നിന്നാണു ചടങ്ങുകളുടെ തുടക്കം. ഓഫീസ് മുറ്റത്തെ സ്ഥിരം കാവലാളാണ് എ പോസ്റ്റ് സെൻട്രി അദ്ദേഹം ഉടൻ ടേൺ ഔട്ട് പറയും. അപ്പോൾ ജോലിയിലുള്ള ഗാർഡുമാരും ബ്യൂഗിളറും മറ്റും ഓടിയെത്തും. തോക്ക് പ്രത്യേക രീതിയിൽ പിടിച്ചാവും വരവ്. അടുത്തത് ഓർഡർ ആം എന്ന ഘട്ടമാണ്. അപ്പോൾ തോക്ക് താഴേക്കു പിടിക്കും.
മൃതദേഹം മുന്നിലെത്തിക്കുമ്പോൾ ഗാർഡ് കമാൻഡർ ഗാർഡ് പ്രസന്റ് ആം എന്ന കമാൻഡ് പിന്നെ ഗ്രിപ് ആം. സെൻട്രി സ്റ്റാൻഡ് പാസ്റ്റ്. റിമൈൻഡർ ടു ദ ഗാർഡ് റൂം  ഡിസ്മിസ് എന്നീ ആജ്ഞകൾ കൂടി കഴിഞ്ഞാൽ ചടങ്ങിന്റെ ഒരു ഘട്ടമായി. ഇനി പൊലീസുകാർ വലത്തേക്കു തിരിഞ്ഞു കാലുകൾ കൂട്ടിച്ചേർത്തു സല്യൂട്ട് ചെയ്യും. ശേഷം മൂന്നടി മുന്നോട്ടു നീങ്ങി അല്പം നിൽക്കും. വീണ്ടും വലത്തു തിരിഞ്ഞു പ്രത്യേക ചിട്ടയിൽ ഓഫീസിനുള്ളിലേക്കു പോകും. സെൻട്രി ഡ്യൂട്ടിക്കാരൻ കാവൽ തുടരും. ഈ ചടങ്ങുകൾക്കിടയിൽ മൃതദേഹം വഹിക്കുന്ന ആംബുലൻസ് മുന്നോട്ടു നീങ്ങിയിരിക്കും.

Back to top button
error: