കോട്ടയത്തുമുണ്ട് തഞ്ചാവൂർ മാതൃകയിൽ ഒരു ക്ഷേത്രം.ചങ്ങനാശ്ശേരി താലൂക്കിൽ മാമ്മൂട് ശാന്തിപുരത്തിന് സമീപം കോട്ടയം, പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശത്തായാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.കറുകച്ചാലിൽ നിന്നും മല്ലപ്പള്ളിയിൽ നിന്നും ഏതാണ്ട് അരമണിക്കൂർ യാത്ര.
ശാന്തിപുരം മാമുണ്ട പരപ്പുകാട് മഹാദേവീക്ഷേത്രമാണ് തഞ്ചാവൂർ ശില്പചാരുതയോടെ കേരളത്തിൽ തല ഉയർത്തി നിൽക്കുന്നത്.തഞ്ചാവൂർ ശൈലിയിൽ നിർമ്മിച്ച 83 അടിയുള്ള കൂറ്റൻ ഗോപുരങ്ങളോടുകൂടിയതാണ് ഈ ക്ഷേത്രം.മാമൂടിനും കറുകച്ചാലിനും മല്ലപ്പള്ളിക്കും സമീപം ശാന്തിപുരം ഗ്രാമത്തിന്റെ ഉൾപ്രദേശത്താണ് ഈ ക്ഷേത്രം.
ശിവനും പാർവതിയും ദുർഗയും ഒരേ ശ്രീകോവിലിൽ നിലകൊള്ളുന്നു എന്ന സവിശേഷതയും ഈ ക്ഷേത്രത്തിനുണ്ട്. മധുരമീനാക്ഷി, പഴനി ക്ഷേത്രങ്ങളോടുള്ള സാമ്യവും കൂറ്റൻ തൂണുകളും ശില്പങ്ങളും നിറഞ്ഞ ക്ഷേത്രം ആരെയും അദ്‌ഭുതപ്പെടുത്തും.രണ്ടര ഏക്കറോളം സ്ഥലത്താണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്.
തഞ്ചാവൂരിൽനിന്നുള്ള ശില്പികളാണ് ക്ഷേത്രം നിർമിച്ചത്. 1998-ൽ നിർമാണം ആരംഭിച്ച ക്ഷേത്രം 2013-ലാണ് പുർത്തിയായത്. 15 വർഷംകൊണ്ട് നൂറുകണക്കിന് പേർ ചേർന്നാണ് ക്ഷേത്രം നിർമിച്ചത്. പന്ത്രണ്ടേമുക്കാൽ അടി ഉയരമുള്ള ശ്രീരാമന്റെയും പത്തടിയോളമുള്ള ഹനുമാൻസ്വാമിയുടെയും കൃഷ്ണശിലയിൽ തീർത്ത കൂറ്റൻ വിഗ്രഹങ്ങൾ ക്ഷേത്രത്തിന്റെ മറ്റ് സവിശേഷതകളാണ്.പ്രധാന ശ്രീകോവിലിന് പുറമേ ഒൻപത് ശ്രീകോവിലുകൾ കൂടിയുണ്ട്. ഭദ്രകാളി, ഗണപതി, ശ്രീരാമൻ, ഹനുമാൻ, ശാസ്താവ്, സുബ്രഹ്മണ്യസ്വാമി, ധന്വന്തരിമൂർത്തി, മൃത്യുഞ്ജയമൂർത്തി, സരസ്വതീദേവി എന്നിവർക്കും പ്രത്യേകം ശ്രീകോവിലുകളുണ്ട്.
പരപ്പുകാട് കുടുംബം വകയായ ഈ ക്ഷേത്രമാണ് കേരളത്തിലെ ഏറ്റവും വലിയ കുടുംബക്ഷേത്രവും.