CrimeNEWS

ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനുള്ള തീരുമാനത്തെ ന്യായീകരിച്ച് ഗുജറാത്ത് സർക്കാർ

ദില്ലി: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനുള്ള തീരുമാനത്തെ ന്യായീകരിച്ച് ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. 14 വർഷത്തെ ജയിൽവാസം പൂർത്തിയാക്കിയതിനാലും, തടവ് അനുഭവിച്ച കാലത്തെ പെരുമാറ്റം നല്ലതാണെന്ന് കണ്ടെത്തിയതിനാലാണ് ശിക്ഷ  ഇളവ് അനുവദിച്ചതെന്നാണ്  ഗുജറാത്ത് സർക്കാർ പറയുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് 15 നാണ് ബലാത്സംഗ-കൊലപാതക കേസില്‍ കുറ്റവാളികളായ പതിനൊന്നുപേരെ മോചിപ്പിച്ചത്. ഇത് വിവാദമായതിന് പിന്നാലെ ഇതിനെതിരെ ബിൽക്കിസ് ബാനു രംഗത്ത് എത്തി. ഭയമില്ലാതെ സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം നൽകണമെന്ന് ഇവര്‍ ഗുജറാത്ത് സര്‍ക്കാറിനോട് അഭ്യർത്ഥിച്ചിരുന്നു. 2002 മാർച്ചിൽ ഗോധ്ര സംഭവത്തിന് ശേഷമുണ്ടായ കലാപത്തിനിടെയാണ് അ‍ഞ്ച് മാസം ഗർഭിണിയായിരുന്ന ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ 7 പേരെ കൊലപ്പെടുത്തുകയും ചെയ്തത്. കുടുംബത്തിലെ ആറു പേർ ഓടി രക്ഷപ്പെട്ടു. വിവാദമായ സംഭവത്തിൽ രണ്ട് വർഷത്തിന് ശേഷം, 2004ലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.

അഹമ്മദാബാദിലാണ് വിചാരണ ആരംഭിച്ചത്. സാക്ഷികളെ ഉപദ്രവിക്കാനും  സിബിഐ ശേഖരിച്ച തെളിവുകൾ അട്ടിമറിക്കപ്പെടുമെന്നും ബിൽക്കിസ് ബാനു ആശങ്ക പ്രകടിപ്പിച്ചതിനെത്തുടർന്ന് 2004 ഓഗസ്റ്റിൽ സുപ്രീം കോടതി കേസ് മുംബൈയിലേക്ക് മാറ്റി. 2008 ജനുവരി 21-ന് പ്രത്യേക സിബിഐ കോടതി പതിനൊന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിച്ചു.  ഗർഭിണിയായ സ്ത്രീയെ ബലാത്സംഗം ചെയ്യാൻ ഗൂഢാലോചന, കൊലപാതകം, നിയമവിരുദ്ധമായി സംഘം ചേരൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ഇവരെ ശിക്ഷിച്ചത്. ബിൽക്കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും വീടും നൽകാൻ സുപ്രീംകോടതി സംസ്ഥാന സർക്കാരിന് നിർദേശവും നൽകിയിരുന്നു.

അതിനുശേഷം അവരിൽ ഒരാൾ തന്‍റെ  മോചനത്തിനായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അതിന് പിന്നാലെ ഗുജറാത്ത് സർക്കാർ 11 കുറ്റവാളികളെയും മോചിപ്പിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. ഇത് അനുസരിച്ച് അവർ ഓഗസ്റ്റ് 15 ന് ജയിലിൽ നിന്ന് പുറത്തിറങ്ങി. ഇത് വിവാദമായതിന് പിന്നാലെ സുപ്രീംകോടതിയില്‍ ഹര്‍ജി എത്തിയത്. ഇതില്‍ ഗുജറാത്ത് സര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. പ്രതികളെ വിട്ടയച്ചതിൽ വേണ്ടത്ര ആലോചനയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

പ്രതികളെ ജയിൽ മോചിതരാക്കിയതിൽ ചട്ടലംഘനം ഉണ്ടായെന്ന് പറയുന്നില്ലെന്ന് അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ പറഞ്ഞു. എന്നാൽ ക്രൂരകൃത്യം ചെയതവരെയാണ് വിട്ടയച്ചത് എന്ന കാര്യം പരിശോധിക്കണമെന്ന് ഹർജിക്കാർ വാദിച്ചു. ജയിൽ മോചിതരായ പതിനൊന്ന് പ്രതികളെക്കൂടി കേസിൽ കക്ഷി ചേർക്കാനും കോടതി നിർദ്ദേശം നല്‍കി. ഇതിനാണ് ഇപ്പോള്‍ ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.

Back to top button
error: