BusinessTRENDING

‘ആക്രി’ വിറ്റ് ഇന്ത്യൻ റെയിൽവെ നേടിയത് വെറും ചില്ലറ കോടികളല്ല… 2587 കോടി രൂപ!

ദില്ലി: ഉപയോഗശൂന്യമായ പാർട്സുകൾ ആക്രി വിലക്ക് വിറ്റ് നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യത്തെ ആറു മാസം കൊണ്ട് ഇന്ത്യൻ റെയിൽവേ നേടിയത് 2500 കോടിയിലേറെ രൂപയെന്ന് കണക്കുകൾ. മുൻ വർഷത്തെ അപേക്ഷിച്ച് 28 ശതമാനം വർധനവാണ് ആക്രി വിൽപ്പന വരുമാനത്തിലൂടെ ഇന്ത്യൻ റെയിൽവേ ഉണ്ടാക്കിയതെന്നാണ് കണക്കുകൾ പറയുന്നത്.

കേന്ദ്ര റെയിൽവേ മന്ത്രാലയം ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്. 2021 – 22 സാമ്പത്തിക വർഷത്തിലെ ആദ്യത്തെ ആറു മാസത്തിൽ 2003 കോടി രൂപയായിരുന്നു റെയിൽവേയ്ക്ക് വരുമാനമായി ഇതിലൂടെ കിട്ടിയത്. 2022 ഏപ്രിൽ ഒന്നുമുതൽ സെപ്റ്റംബർ 30 വരെയുള്ള വിൽപ്പനയിലൂടെ 2587 കോടി രൂപ ലഭിച്ചു.

നടപ്പു സാമ്പത്തിക വർഷത്തിൽ ആക്രി വിൽപ്പനയിലൂടെ 4400 കോടി രൂപ നേടണം എന്നതാണ് റെയിൽവേയുടെ ലക്ഷ്യം. 1751 വാഗണുകൾ, 1421 കോച്ചുകൾ, 97 ലോക്കോകൾ എന്നിവ ഇത്തവണ വിറ്റഴിച്ച ആക്രി സാധനങ്ങളിൽ ഉൾപ്പെടുന്നു. കഴിഞ്ഞ ഏറെകാലമായി ഇത് റെയിൽവേയുടെ പ്രധാന വരുമാനങ്ങളിൽ ഒന്നാണ്.

Back to top button
error: