Breaking NewsNEWS

ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാളിന്റെ വീട് ആക്രമിച്ചു; കാറുകള്‍ അടിച്ചു തകര്‍ത്തു

ന്യൂഡല്‍ഹി: ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാളിന്റെ വീടിന് നേര്‍ക്ക് ആക്രമണം. കാറുകള്‍ ആക്രമിച്ചു തകര്‍ത്തു. സ്വാതി മലിവാള്‍ തന്നെയാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചത്. താനും അമ്മയും വീട്ടില്‍ നിന്ന് പുറത്തുപോയ സമയത്ത് അജ്ഞാതര്‍ വീട്ടില്‍ കയറി അക്രമണം നടത്തി എന്നാണ് സ്വാതി മലിവാള്‍ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ആരൊക്കെയാണ് വന്നതെന്ന് അറിയില്ല. തന്റെയും അമ്മയുടെയും കാറുകള്‍ അടിച്ചു തകര്‍ത്തു. തങ്ങള്‍ സുരക്ഷിതരല്ലെന്നും പോലീസില്‍ പരാതി നല്‍കുമെന്നും എന്തു ചെയ്താലും തന്നെ ഭയപ്പെടുത്താന്‍ കഴിയില്ലെന്നും സ്വാതി മലിവാള്‍ പറഞ്ഞു.

വനിതാ കമ്മിഷന്‍ അധ്യക്ഷ എന്ന നിലയില്‍ വിവിധ കേസുകളില്‍ സ്വാതി നിര്‍ണായക ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് അവര്‍ക്ക് നേരെയുള്ള ആക്രമണം. ഡല്‍ഹിയില്‍ ക്രമസമാധാനനില തകര്‍ന്നുവെന്നും വിവിധ കാര്യങ്ങളില്‍ ഇടപെടല്‍ നടത്തുന്ന ലഫ്. ഗവര്‍ണര്‍ ക്രമസമാധാന നില നേരെയാക്കാന്‍ അല്‍പസമയം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Back to top button
error: