ഇസ്ലാമാബാദ്: അമേരിക്കൻ പ്രസിഡന്റ് ബൈഡന്റെ പാക്കിസ്ഥാനെതിരായ പ്രസ്താവനയില്‍ പ്രതിഷേധിച്ച് യുഎസ് അംബാസിഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ച് പാക്കിസ്ഥാൻ. വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരിയാണ് രൂക്ഷ ഭാഷയിൽ അമേരിക്കയെ വിമർശിച്ചത്.
ആണവായുധങ്ങള്‍ കൈവശം വച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും അപകടകരമായ രാഷ്ട്രങ്ങളിലൊന്നാണ് പാക്കിസ്ഥാനെന്നായിരുന്നു ബൈഡന്റെ പ്രസ്താവന.
ഞങ്ങളുടെ ആണവായുധങ്ങള്‍ എങ്ങനെ സംരക്ഷിക്കണമെന്ന് ഞങ്ങള്‍ക്കറിയാം. രാജ്യത്തിന്റെ സുരക്ഷിതമായ കെട്ടുറപ്പിന്റെ കാര്യത്തില്‍ പാക്കിസ്ഥാന്‍ കണിഷമായ നിലപാടാണ് സ്വീകരിക്കുന്നത്. ചോദ്യങ്ങള്‍ ഉയരുകയാണെങ്കില്‍ അത് ഇന്ത്യയുടെ ആണവായുധങ്ങളെ കുറിച്ചായിരിക്കണം എന്നും ബിലാവല്‍ പറഞ്ഞു.
കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സില്‍ നടന്ന ഡെമോക്രാറ്റിക് കോണ്‍ഗ്രസിന്‍റെ ക്യാമ്ബൈനിടെയാണ് പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി യുഎസ് പ്രസിഡന്‍റ് ബൈഡന്‍ രംഗത്തെത്തിയത്. ചൈനയെയും റഷ്യയെയും സംബന്ധിച്ച യുഎസ് വിദേശനയത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ബൈഡന്‍ പാക്കിസ്ഥാനെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നെന്ന് വിശേഷിപ്പിച്ചത്.
യുഎസിന്‍റെ ദേശീയ സുരക്ഷാ തന്ത്രം പുറത്തിറക്കി രണ്ട് ദിവസത്തിന് ശേഷമാണ് ബൈഡന്‍ പാകിസ്ഥാനെതിരെ അഭിപ്രായ പ്രകടനം നടത്തിയത്. അതേസമയം 48 പേജുള്ള ദേശീയ സുരക്ഷാ രേഖയില്‍ ഇന്ത്യയ്ക്ക് അനുകൂലമായ നിലപാടാണ് ബൈഡൻ സ്വീകരിച്ചിരിക്കുന്നത്.ഇതാണ് പാക്കിസ്ഥാനെ ചൊടിപ്പിച്ചിരിക്കുന്നതും.