കണ്ണൂർ : കൊവിഡ് കാലത്തെ പി.പി.ഇ. കിറ്റ് പർച്ചേഴ്സുമായി ബന്ധപ്പെട്ട് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കെതിരെ അന്വേഷണം നടത്താൻ ലോകായുക്തയ്ക്ക് അധികാരമില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ശൈലജയ്ക്കെതിരായ ലോകായുക്ത അന്വേഷണം അനാവശ്യമാണെന്നും ജയരാജൻ കണ്ണൂൂരിൽ പറഞ്ഞു. ആരോഗ്യ മന്ത്രിയായിരിക്കെ ശൈലജ അഴിമതി നടത്തിയിട്ടില്ല. കൊവിഡ് കാലത്ത് ദുരന്ത നിവാരണ നിയമപ്രകാരം പണം നോക്കാതെ സാധനങ്ങൾ വാങ്ങിക്കാൻ അവകാശമുണ്ടെന്നും ജയരാജൻ വിശദീകരിച്ചു.
ഒന്നാം കൊവിഡ് കാലത്ത് നടന്ന പർച്ചേസുകളിലെ തട്ടിപ്പുകളിലാണ് ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടത്. അമിത വില നൽകിയാണ് കൊവിഡ് കാലത്ത് പിപിഇ കിറ്റ് അടക്കമുള്ള സാധനങ്ങൾ വാങ്ങിയതെന്ന പരാതിയിലാണ് ലോകായുക്ത അന്വേഷണം പ്രഖ്യാപിച്ചത്. എന്നാൽ കൊവിഡ് കാലത്ത് അമിതവിലക്ക് പിപിഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ഒരഴിമതിയുമില്ലെന്നുമാണ് കെകെ ശൈലജ പ്രതികരിച്ചത്. എന്നാൽ കുറഞ്ഞ വിലക്ക് കിറ്റുകൾ നൽകാൻ തയ്യാറായ കേരളത്തിലെ സ്ഥാപനങ്ങളെ അവഗണിച്ച് തട്ടിക്കൂട്ട് കമ്പനിക്ക് വൻതുകക്ക് കരാർ നൽകിയതിൽ ആരോഗ്യമന്ത്രിക്കും മുൻ മന്ത്രിക്കും കൃത്യമായ വിശദീകരണം ഇപ്പോഴുമില്ലെന്നത് ശ്രദ്ധേയമാണ്.
2020 മാർച്ച് 30നാണ് മഹരാഷ്ട്രയിലെ സാൻഫാർമ എന്ന സ്ഥാപനത്തിന് നിന്നും 1500 രൂപ നിരക്കിൽ പിപിഇ കിറ്റ് വാങ്ങാൻ കരാർ നൽകുന്നത്. കിറ്റ് നിർമ്മാതാകളല്ലാതെ വെറും ഏജൻസി മാത്രമായ ഈ സ്ഥാപനത്തെ തെരഞ്ഞെടുത്തത് ആരാണ്, ഓർഡർ കൊടുത്തതിൻറെ തലേ ദിവസം 550 രൂപക്ക് കിറ്റ് കൊടുത്ത കൊച്ചി ആസ്ഥാനമായ കെയ്റോൺ എന്ന അറിയപ്പെടുന്ന സ്ഥാപനത്തെ എന്തിന് ഒഴിവാക്കി, 450 രൂപക്ക് കിറ്റ് നൽകാൻ തയ്യാറുള്ള അങ്കമാലിയിലെ മഹിളാ അപ്പാരൽസിനെയുംം തഴയാൻ കാരണമെന്ത് തുടങ്ങിയ വിഷയങ്ങളിൽ ഇപ്പോഴും വ്യക്തതയില്ല. ക്രമക്കേടുകളെ സർക്കാർ കാര്യമാക്കാതെ വിടുമ്പോഴാണ് ലോകായുക്തയുടെ നിർണ്ണായക ഇടപെടെൽ.