KeralaNEWS

എല്‍ദോസ് കുന്നപ്പിള്ളിക്ക് ഇന്ന് നിർണായകം, മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന്  പരിഗണിക്കും

പീഡനാരോപണം നേരിടുന്ന പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ഏഴാം അഡീഷണല്‍ ജില്ല ജഡജി പ്രസുന്‍ മോഹനനാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. തിരുവനന്തപുരത്ത് അധ്യാപികയായി ജോലി ചെയ്യുന്ന ആലുവ സ്വദേശിനിയാണ് എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. തലസ്ഥാനത്തെ ഏഴ് സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചെന്നും പരാതി പിന്‍വലിക്കാന്‍ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നുമാണ് ഇവര്‍ എംഎല്‍എയ്‌ക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണം. ഇവരുടെ മൊഴി രേഖപ്പെടുത്തി കോവളം പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹര്‍ജിയില്‍ ജില്ല ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ഹാജരാക്കാനും പ്രതിയും സര്‍ക്കാരും വാദം ബോധിപ്പിക്കാനും സെഷന്‍സ് കോടതി ഉത്തരവിട്ടുണ്ട്.

ഇതിനിടെ കോണ്‍​ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിളളിക്കെതിരായ കേസില്‍ പരാതിക്കാരിക്ക് നീതി ഉറപ്പ് വരുത്തണമെന്ന് സിപിഎം ആവശ്യപ്പെട്ടു.

എംഎല്‍എക്കെതിരായ ബലാത്സംഗ കുറ്റം അത്യന്തം ഗൗരവമായ ഒരു പ്രശ്‌നമാണ്. ഇക്കാര്യത്തില്‍ ശരിയായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഇത്തരത്തിലുളള വ്യക്തികള്‍ അധികാര സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം സമൂഹത്തിന് നല്‍കുമെന്നും സിപിഎം അഭിപ്രായപ്പെട്ടു.

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ നടപടി സ്വീകരിക്കുന്നതിന് മുമ്പ് സ്പീക്കറുടെ അനുമതി തേടേണ്ട ആവശ്യമില്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞിരുന്നു.

നടപടി വിവരം അറിയിച്ചാല്‍ മാത്രം മതിയെന്നും വ്യക്തമാക്കുന്ന 2021ലെ സുപ്രീംകോടതി നിര്‍ദേശമുണ്ട്. അറസ്റ്റ് ചെയ്ത ശേഷം അറിയിക്കേണ്ട കാര്യം മാത്രമേയുള്ളൂവെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല ബലാത്സംഗ കുറ്റം ചുമത്തപ്പെട്ട പെരുമ്പാവൂര്‍ എം എല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ വിജിലന്‍സന്വേഷണവും ഉണ്ടായേക്കും. കൈക്കൂലി നല്‍കി പരാതിക്കാരിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലിലാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തുന്നത്. കോവളംഎസ് എച്ച് ഒ യുടെ സാനിദ്ധ്യത്തിലും കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന് പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ നാല് ദിവസമായി എംഎല്‍എ ഒളിവില്‍ കഴിയുകയാണ്. പെരുമ്പാവൂരിലെ എംഎല്‍എയുടെ ഓഫീസ് അടഞ്ഞുകിടക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടി എം എല്‍ എയുടെ കാര്യത്തില്‍ ഇതുവരെ കൃത്യമായ നിലപാട് സ്വീകരിക്കുകയോ നടപടി എടുക്കുകയോ ചെയ്തിട്ടില്ല.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: