അബുദാബി: യുഎഇയില്‍ നിലവില്‍ വരാനിരിക്കുന്ന ഗാര്‍ഹിക തൊഴിലാളികളെ സംബന്ധിക്കുന്ന പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ വീട്ടുജോലിക്കാരെ നിയമിക്കാന്‍ താമസക്കാര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാകും. റിക്രൂട്ട്‌മെന്റ് ഓഫീസ് വഴിയോ സ്‌പോണ്‍സര്‍മാര്‍ മുഖേനയോ ആണ് നിയമനമെങ്കില്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും വഹിക്കേണ്ടി വരും. ഡിസംബര്‍ 15നാണ് യുഎഇയില്‍ പുതിയ ഗാര്‍ഹിക നിയമം പ്രാബല്യത്തില്‍ വരിക. ഗാര്‍ഹിക തൊഴിലാളികളെ സംബന്ധിക്കുന്ന എല്ലാ മേഖലകളും പ്രതിപാദിക്കുന്നതാണ് പുതിയ നിയമത്തിലെ വകുപ്പുകള്‍.
പുതിയ നിയമം അനുസരിച്ച്, മന്ത്രാലയത്തില്‍ നിന്നുള്ള ലൈസന്‍സ് ഇല്ലാതെ താല്‍ക്കാലികമായോ സ്ഥിരമായോ ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കാന്‍ പാടില്ലെന്ന് മാനവവിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. ഗാര്‍ഹിക തൊഴിലാളികളില്‍ നിന്ന് പണം കൈപ്പറ്റരുത്. 18 വയസ്സിന് താഴെയുള്ളവരെ വീട്ടുജോലിക്കായി നിയമിക്കരുത്.
നിയമവിരുദ്ധമായി യുഎഇയില്‍ ഗാര്‍ഹിക തൊഴിലാളികളെ നിയമിച്ചാല്‍ കുറഞ്ഞത് 50,000 ദിര്‍ഹമാണ് പിഴ. ഇത് പരമാവധി രണ്ട് ലക്ഷം ദിര്‍ഹം വരെയായി ഉയരും. ഗാര്‍ഹിക തൊഴിലാളികള്‍ക്കായി അനുവദിക്കുന്ന തൊഴില്‍ പെര്‍മിറ്റുകള്‍ ദുരുപയോഗം ചെയ്താലോ 18 വയസില്‍ താഴെയുള്ള ആളിനെ ഗാര്‍ഹിക തൊഴിലാളിയായി നിയമിച്ചാലോ ഇതേ തുക പിഴ ലഭിക്കും.
തൊഴിലാളിക്ക് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാതെ നിയമവിരുദ്ധമായി ജോലി ചെയ്യിക്കുക, ഗാര്‍ഹിക തൊഴിലാളിയെ റിക്രൂട്ട് ചെയ്യുകയും പിന്നീട് അവര്‍ക്ക് ജോലി കൊടുക്കാതിരിക്കുകയും ചെയ്യുക, ഗാര്‍ഹിക തൊഴിലാളികളുടെ പേരില്‍ ലഭിക്കുന്ന തൊഴില്‍ പെര്‍മിറ്റ് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുക, ആവശ്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയും തൊഴിലാളികള്‍ക്ക് നല്‍കേണ്ട അവകാശങ്ങള്‍ നല്‍കാതെയും മറ്റ് നിയമനടപടികള്‍ പൂര്‍ത്തിയാക്കാതെയും റിക്രൂട്ടിങ് ഏജന്‍സിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുക തുടങ്ങിയവയെല്ലാം നിയമലംഘനങ്ങളുടെ പരിധിയില്‍ വരും. ഇവയ്ക്കൊക്കെ രണ്ട് ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും.