മലപ്പുറം: തുണി തുന്നാന്‍ കൊടുക്കാനെന്ന പേരില്‍ കടയില്‍ വന്നയാള്‍ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് മാല പൊട്ടിക്കാന്‍ നടത്തിയ ശ്രമം യുവതി ചെറുത്തു. സ്കൂട്ടറില്‍ കടന്നുകളഞ്ഞ ആളെ കണ്ടെത്താന്‍ പോലീസ് വ്യാപക തിരച്ചില്‍ തുടങ്ങി. വ്യാഴാഴ്ച രണ്ടു മണിയോടെ തലമുണ്ടയില്‍ തയ്യല്‍ കടയും ലോട്ടറി വില്പനയും നടത്തുന്ന കടയിലാണ് സംഭവം. ചെമ്പ്രയില്‍ മണികണ്ഠന്റെ ഭാര്യ സിന്ധുവിനെയാണ് ആക്രമിച്ചത്. സംഭവം സമീപത്തെ സി.സി. ടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. കടയുടെ അടുത്ത് സ്കൂട്ടര്‍ വെച്ച് കയ്യില്‍ കവറും തൂക്കിപ്പിടിച്ച് ഇറങ്ങി വന്നയാള്‍ സിന്ധുവിനോട് ജാക്കറ്റ് തുന്നിതരണമെന്ന് പറഞ്ഞ് തുണി കൊടുത്ത് പുറത്തിറങ്ങി. കടയുടെ അല്പം മുമ്പിലേക്ക് സ്കൂട്ടര്‍ നീക്കി വെച്ച് മടങ്ങിവന്നയാള്‍ ഒരു ലോട്ടറി ടിക്കറ്റ് വേണമെന്നാവശ്യപ്പെട്ട് 50 രൂപ കൊടുത്തു.
ബാക്കി കൊടുക്കാന്‍ യുവതി മേശവലിപ്പ് തുറക്കുന്നതിനിടെ മുളകുപൊടി കണ്ണിലേക്ക് എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. കണ്ണ് നീറിയെങ്കിലും ഇരു കൈകൊണ്ടും മാല മുറുകെ പിടിച്ച യുവതി ബഹളം വെച്ചതോടെ അക്രമി ഇറങ്ങി ഓടി. തലമുണ്ട-അമ്പലം റോഡ് വഴി സ്കൂട്ടറില്‍ കടന്നുകളയുകയായിരുന്നു. മധ്യവയസ്കനായ അക്രമി കാവി മുണ്ടും ഷര്‍ട്ടും ധരിച്ചാണ് വന്നത്. വെളുത്ത മുഖാവരണം ഉണ്ടായിരുന്നു. കൊളുത്ത് വലിഞ്ഞ് മാല പൊട്ടിയെങ്കിലും നഷ്ടപ്പെട്ടില്ല. തൊട്ടു ചേര്‍ന്നുള്ള ഗവ.എല്‍.പി.സ്കൂളില്‍ ചെന്ന് യുവതി വിവരമറിയിച്ചപ്പോഴേക്കും ആളുകള്‍ ഓടിക്കൂടിയിരുന്നു. തിരൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പോലീസ്
സ്ഥലത്തെത്തി ദൃശ്യങ്ങള്‍ പരിശോധിച്ചു അന്വേഷണം ആരംഭിച്ചു.