കോട്ടയം: പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ (പി.ആർ.ഡി.എസ്) ആഭിമുഖ്യത്തിൽ അടിമ വ്യാപാര നിരോധന വിളംബരത്തിന്റെ 168 മത് വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ലോകത്തു വിവിധ തലത്തിൽ നടന്നിട്ടുള്ള അടിമ നിരോധന പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും അതിന്റെ ആശയങ്ങളെ ആധുനിക സമൂഹത്തിൽ പുനരുൽപ്പാദിപ്പിക്കുന്നതിനുമാണ് പ്രത്യക്ഷ രക്ഷ ദൈവ സഭ പ്രതീകാത്മകമായി ഈ ദിനത്തെ എല്ലാ വർഷവും ആഘോഷിക്കുന്നത്. സമൂഹത്തിൽ ഇപ്പോഴും നില നിൽക്കുന്ന അടിമത്ത രൂപങ്ങളെയും അടിച്ചമർത്തലുകളെയും ജാതി വർണ്ണ വംശ വിവേചനങ്ങളെയും പരിപൂർണ്ണമായി നിർമ്മാർജനം ചെയ്തുകൊണ്ട് സ്വാതന്ത്ര്യത്തിന്റെയും സമാധാനത്തിന്റെയും തുല്യതയുടെയും ഒരു ലോകം സാധ്യമാക്കുക എന്നതിന്റെ ആശയ പ്രചാരണം കൂടിയാണ് അടിമ വ്യാപാര നിരോധന വാർഷികത്തിലൂടെ പി.ആർ.ഡി.എസ്. ലക്ഷ്യമാക്കുന്നത്.
15ന് കോട്ടയത്തും 16ന് സഭാ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിലുമായി രണ്ടു ദിവസത്തെ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. 15ന് രാവിലെ 6 മണിക്ക് സഭാ ആസ്ഥാനമായ ഇരവിപേരൂരിലെ വിശുദ്ധ സന്നിധാനങ്ങളിൽ നടക്കുന്ന പ്രാർഥനയോടെ പരിപാടികൾക്ക് തുടക്കം കുറിക്കും. 8 മണിക്ക് സഭാ പ്രസിഡന്റ് വൈ സദാശിവൻ കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും. തുടർന്ന് കോട്ടയം തിരുനക്കര മൈതാനത്തു പ്രത്യേകം തയ്യാറാക്കിയിട്ടുള്ള അടിമ സ്മാരക സ്തംഭത്തിൽ പുഷ്പാർച്ചന നടക്കും.
10 മണിക്ക് കോട്ടയം ഡി സി ബുക്ക് ഹാളിൽ അടിമത്തവും ജാതിയും കേരളത്തിന്റെ ജനാധിപത്യ പ്രതിരോധങ്ങളുടെ ചരിത്ര പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി സിമ്പോസിയം ഉണ്ടായിരിക്കും. പി.ആർ.ഡി.എസ്. ഹൈകൗൺസിൽ അംഗം ടി.എസ്. മനോജ്കുമാർ മോഡറേറ്റർ ആയിരിക്കും. ഓൾഇന്ത്യ ലോയേഴ്സ് അസ്സോസ്സിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. കെ. അനിൽകുമാർ സിമ്പോസിയം ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് സർവ്വകലാശാല ചരിത്ര വിഭാഗം പ്രൊഫസ്സർ ഡോ. കെ എസ് മാധവൻ എഴുത്തുകാരി ഡോ രേഖാരാജ്. സീനിയർ ഗവൺമെന്റ് പ്ലീഡർ അഡ്വ. കെ കെ പ്രീത ചരിത്രകാരൻ ഇ.വി. അനിൽ എന്നിവർ വിഷയത്തെ കേന്ദ്രമാക്കി സംസാരിക്കും. പി.ആർ.ഡി.എസ്. ഹൈ കൗൺസിൽ അംഗം എം.എസ്. വിജയൻ സ്വാഗതവും പി.ആർ.ഡി.എസ്. മീഡിയ സെക്രട്ടറി രഘു ഇരവിപേരൂർ നന്ദിയും പറയും.
ഉച്ചകഴിഞ്ഞു 3 മണിക്ക് പി.ആർ.ഡി.എസ്സിന്റെ വിവിധ ശാഖകളിൽ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന വർണ്ണശബളമായ സാംസ്കാരിക ഘോഷയാത്ര ഉണ്ടായിരിക്കും കോട്ടയം കുര്യൻ ഉതുപ്പ് റോഡിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര സമ്മേളന നഗറായ തിരുനക്കര മൈതാനിയിൽ എത്തിച്ചേരും. 4 മണിക്ക് തിരുനക്കര മൈതാനിയിൽ 168 ഗായകരെ പങ്കെടുപ്പിച്ചുകൊണ്ട് പി.ആർ.ഡി.എസ്. ആചാര്യകലാക്ഷേത്രം അവതരിപ്പിക്കുന്ന അടിമ മറപ്പതാവുമോ എന്ന പേരിലുള്ള പി.ആർ.ഡി.എസ്. പാട്ടുകളുടെ അവതരണം നടക്കും.
വൈകുന്നേരം 5 മണിക്ക് തിരുനക്കര മൈതാനിയിൽ ആരംഭിക്കുന്ന പൊതു സമ്മേളനം സംസ്ഥാന ദേവസ്വം പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പി.ആർ.ഡി.എസ്. പ്രസിഡന്റ് വൈ സദാശിവൻ അധ്യക്ഷനായിരിക്കും. ആദിയർ ദീപം മാസികയുടെ 60-ാം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം സമ്മേളനത്തിൽ സംസ്ഥാന സഹകരണ സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവ്വഹിക്കും. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും. കെ.പി.എം.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ മുഖ്യ അതിഥി ആയിരിക്കും. ആദിയരദീപം മാസികയുടെ സ്പെഷ്യൽ പതിപ്പിന്റെ പ്രകാശനം കേരള കോൺഗ്രസ്സ് എം ചെയർമാൻ ജോസ് കെ. മാണി നിർവ്വഹിക്കും. സമ്മേളനത്തിൽ അടിമ വ്യാപാര നിരോധന വിളംബര സന്ദേശം പി.ആർ.ഡി.എസ്. വൈസ് പ്രസിഡന്റ് ജസ്റ്റീസ് ഡോ. പി.എൻ. വിജയകുമാർ നൽകും. പി.ആർ.ഡി.എസ്. ജനറൽ സെക്രട്ടറി സി. സത്യകുമാർ അവകാശ പ്രഖ്യാപനം നടത്തും.
തോമസ് ചാഴികാടൻ എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ, സി.പി.എം. കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസ്സൽ, കോട്ടയം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, സി.പി.ഐ. കോട്ടയം ജില്ലാ സെക്രട്ടറി വി.ബി. ബിനു, മലയരയ മഹാസഭ ജനറൽ സെക്രട്ടറി പി.കെ. സജീവ്, സി.എസ്.ഡി.എസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. സുരേഷ്, കോട്ടയം ജില്ലാ പഞ്ചായത്തു പ്രസിഡന്റ് നിർമല ജിമ്മി കോട്ടയം നഗരസഭാ അധ്യക്ഷ ബിൻസി മാത്യു, പി.ആർ.ഡി.എസ്. ഹൈകൗൺസിൽ അംഗം എം പൊന്നമ്മ, പി.ആർ.ഡി.എസ്. ഗുരുകുല ഉപദേഷ്ട്ടാവ് സി.കെ. മണി മഞ്ചാടിക്കരി, പി.ആർ.ഡി.എസ്. ഹൈ കൗൺസിൽ അംഗങ്ങളായ വി.ആർ. കുട്ടപ്പൻ, എ.ആർ. ദിവാകരൻ, ടി.എസ്. മനോജ്കുമാർ, എം.എസ്. വിജയൻ, പി.ആർ.ഡി.എസ്. യുവജന സംഘം പ്രസിഡന്റ് കെ.ആർ. രാജീവ്, മുൻ ജനറൽ സെക്രട്ടറി കെ.ഡി. രാജൻ എന്നിവർ ആശംസ അർപ്പിക്കും. പി.ആർ.ഡി.എസ്. ജനറൽ സെക്രട്ടറി സി.സി. കുട്ടപ്പൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി പി രാജാറാം കൃതജ്ഞതയും പറയും.
16ന് സഭാ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിൽ രാവിലെ 6.30നു വിശുദ്ധ സന്നിധാനങ്ങളിലെ പ്രാർഥനയോടെ പരിപാടികൾ ആരംഭിക്കും. അടിമ സ്മാരക സ്തംഭത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം 10.30ന് പി.ആർ.ഡി.എസ്. യുവജനസംഘത്തിന്റെ ആഭിമുഖ്യത്തിലുള്ള സിമ്പോസിയം, പി.ആർ.ഡി.എസ്. ജനറൽ സെക്രട്ടറി സി.സി. കുട്ടപ്പൻ ഉദ്ഘാടനം ചെയ്യും. യുവജന സംഘം പ്രസിഡന്റ് കെ.ആർ. രാജീവ് അധ്യക്ഷനായിരിക്കും. അടിമ വ്യാപാര നിരോധന വിളംബരത്തിന്റെ ചരിത്രവും പ്രസക്തിയും എന്ന വിഷയത്തിൽ ഡോ. വിനിൽ പോൾ ആത്മീയതയുടെ അടിത്തട്ട് രാഷ്ട്രീയം എന്നവിഷയത്തിൽ അനന്തുരാജ് എന്നിവർ സംസാരിക്കും. പി.ആർ.ഡി.എസ്. യുവജന സംഘം ജനറൽ സെക്രട്ടറി റിജോ തങ്കസ്വാമി സ്വാഗതവും ജോയിന്റ് സെക്രട്ടറി ഡോ രാജീവ് മോഹൻ നന്ദിയും അറിയിക്കും.
ഉച്ചയ്ക്ക് 2 മുതൽ നടക്കുന്ന ആത്മീയ സമ്മേളനത്തിൽ പി.ആർ.ഡി.എസ്. ഗുരുകുല ശ്രേഷ്ടൻ ഇ.ടി. രാമൻ അധ്യക്ഷത വഹിക്കും. ഗുരുകുല ഉപദേഷ്ടാവ് ഒ.ഡി. വിജയൻ, മേഖലാ ഉപദേഷ്ട്ടാവ് എസ്. ജ്ഞാനസുന്ദരം, ശാഖാ ഉപദേഷ്ടാവ് എ. ശശി ദാസൻ എന്നിവർ പ്രഭാഷണം നടത്തും. ഉപദേഷ്ട്ടാ സമിതി സെക്രട്ടറി പി. ദയാനന്ദൻ സ്വാഗതവും തെക്കൻ മേഖലാ ഉപദേഷ്ടാ സമിതി സെക്രട്ടറി ഇ. ദാമു കൃതജ്ഞതയും അറിയിക്കും. വൈകുന്നേരം 6 മണിക്ക് വിശുദ്ധ സന്നിധാനങ്ങളിൽ പ്രാർഥനയും തുടർന്ന് ആചാര്യകലാക്ഷേത്രം അവതരിപ്പിക്കുന്ന അടിമ വിമോചന ഗാനങ്ങളും ഉണ്ടായിരിക്കും.
വൈകുന്നേരം 8 മണിക്ക് ആരംഭിക്കുന്ന വാർഷീക സമ്മേളനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. പി.ആർ.ഡി.എസ്. പ്രസിഡന്റ് വൈ സദാശിവൻ അധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി. മുഖ്യപ്രഭാഷണം നടത്തും. ആന്റോ ആന്റണി എം.പി. മുഖ്യ അതിഥി ആയിരിക്കും. പി.ആർ.ഡി.എസ്. ഗുരുകുല ഉപശ്രേഷ്ടൻ എം. ഭാസ്കരൻ മുഖ്യസന്ദേശം നൽകും.
മാത്യു ടി. തോമസ് എം.എൽ.എ, തെങ്കാശി ദക്ഷിണ കാശിമഠം മഠാധിപതി ശ്രീമദ് സ്വാമി നിത്യ ചൈതന്യ, മുൻ എം.എൽ.എ. രാജു എബ്രഹാം, സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, പത്തനംതിട്ട ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി. ജയൻ, ബി.ജെ.പി. പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി അയിരൂർ പ്രദീപ്, മാർത്തോമാ മുൻ വൈദിക ട്രസ്റ്റി റവ.വർഗീസ് തോമസ്, ഇരവിപേരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശശീധരൻ നായർ, പി.ആർ.ഡി.എസ്. ഗുരുകുല ഉപദേഷ്ടാവ് കെ.എസ്. വിജയകുമാർ, ഹൈകൗൺസിലംഗങ്ങളായ സി. കെ. ജ്ഞാനശീലൻ, അഡ്വ. സന്ധ്യ രാജേഷ്, പി.ജി. ദിലീപ് കുമാർ, രമേശ് വി.ടി, മഹിളാ സമാജം പ്രസിഡന്റ് വി.എം. സരസമ്മ എന്നിവർ പ്രസംഗിക്കും. പി.ആർ.ഡി.എസ്. ജനറൽ സെക്രട്ടറി സി. സത്യകുമാർ സ്വാഗതവും ട്രെഷറർ സി.എൻ. തങ്കച്ചൻ നന്ദിയും അറിയിക്കും.
രാത്രി 11 മണിമുതൽ ആചാര്യ കലാക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ നാടകങ്ങൾ, ഷോർട് ഫിലിം പ്രദർശനം, സംഗീത സദസ് മറ്റു കലാ പരിപാടികൾ എന്നിവ അരങ്ങേറും. പി.ആർ.ഡി.എസ്. ജനറൽ സെക്രട്ടറി സി.സി. കുട്ടപ്പൻ, ജോയിന്റ് സെക്രട്ടറി പി. രാജാറാം, ട്രഷറർ സി.എൻ. തങ്കച്ചൻ, ഹൈകൗൺസിൽ അംഗങ്ങളായ എം.എസ്. വിജയൻ, എ.ആർ. ദിവാകരൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.