CrimeNEWS

സര്‍ണമെടുത്തത് ജിന്നെന്നു കരുതി മിണ്ടിയില്ല! പണം പോയപ്പോള്‍ പരാതില്‍ നല്‍കി

മുംബൈ: വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവരുന്നത് ജിന്ന് ആണെന്ന് കരുതി മാസങ്ങളോളം പോലീസില്‍ പരാതി നല്‍കാതെ വ്യാപാരി! മുംബൈ സ്വദേശിയാണ് വിചിത്രമായ കാരണത്താല്‍ പോലീസില്‍ പരാതി നല്‍കാതിരുന്നത്. ഒടുവില്‍ സ്വര്‍ണത്തിനൊപ്പം പണവും കാണാതായപ്പോഴാണ് ഇയാള്‍ പരാതി നല്‍കാന്‍ തയ്യാറായത്. ജിന്ന് പണം മോഷ്ടിക്കില്ല, അതുകൊണ്ടാണ് പരാതി നല്‍കുന്നത് എന്നാണ് വ്യാപാരി അബ്ദുള്‍ ഷബ്ബീര്‍ ഘോഘാവാല പോലീസിനോട് പറഞ്ഞത്. ഫെബ്രുവരിയിലാണ് ഘോഘാവാലയുടെ വീട്ടില്‍നിന്ന് ആദ്യമായി സ്വര്‍ണം കാണാതായത്. സെപ്റ്റംബറിലാണ് ഇയാള്‍ ബൈക്കുള പോലീസില്‍ പരാതി നല്‍കിയത്.

വീടുമായി അടുത്ത ബന്ധമുള്ള ആരോ ആണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പോലീസ് സംശയിച്ചു. ആ അനുമാനത്തില്‍ തന്നെ പോലീസ് അന്വേഷണം ആരംഭിക്കുകയും ഒറ്റ ദിവസത്തിനുള്ളില്‍ തന്നെ മോഷ്ടാവിനെ പിടികൂടുകയും ചെയ്തു. ഘോഘാവാല 12 വയസുകാരി അനന്തരവളാണ് സ്വര്‍ണവും പണവും മോഷ്ടിക്കുന്നതെന്ന് പോലീസ് കണ്ടെത്തി. ഇതിനോടകം 40 ലക്ഷം രൂപയുടെ സ്വര്‍ണവും പണവും ഇത്തരത്തില്‍ മോഷ്ടിക്കപ്പെട്ടിരുന്നു.

Signature-ad

സൂറത്തിലുള്ള ബന്ധുവിന്റെ നിര്‍ദേശാനുസരണമാണ് സ്വര്‍ണവും പണവും കവര്‍ന്നിരുന്നതെന്ന് ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി മൊഴി നല്‍കി. തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയുടെ ബന്ധുവിനെയും അയാളുടെ രണ്ട് സുഹൃത്തുക്കളേയും അറസ്റ്റ് ചെയ്തു. ഇവരുടെ പക്കല്‍ നിന്ന് 40.18 ലക്ഷം രൂപ വിലവരുന്ന മോഷണ വസ്തുക്കള്‍ കണ്ടെത്തി. പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കേസില്‍ പെണ്‍കുട്ടിയ്ക്കുള്ള ബന്ധം കൃത്യമായി വിലയിരുത്തിയ ശേഷം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കുമെന്നും പോലീസ് അറിയിച്ചു.

 

Back to top button
error: