CrimeNEWS

”വേസ്റ്റ് കുഴിയെടുക്കാന്‍ ആവശ്യപ്പെട്ടു; നാലടി വീതിയില്‍ കുഴിയെടുത്ത് നല്‍കി”

പത്തനംതിട്ട: മാലിന്യം കുഴിച്ചുമൂടാന്‍ കുഴിയെടുത്തു നല്‍കണമെന്ന് ഭഗവല്‍ സിങ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് കുഴിയെടുത്തു നല്‍കിയതെന്ന് പ്രദേശവാസിയായ തൊഴിലാളി ബേബി. രണ്ടാഴ്ച മുമ്പാണ് കുഴിയെടുത്തത്. വേസ്റ്റ് കുഴിച്ചുമൂടാന്‍ ഒരു കുഴിയെടുത്തു നല്‍കണമെന്നാണ് ഭഗവല്‍ സിങ് ആവശ്യപ്പെട്ടത്. എന്നാല്‍, അന്നു കഴിയില്ലെന്നും രണ്ടു ദിവസം കഴിഞ്ഞ് കുഴിയെടുത്ത് നല്‍കാമെന്നും പറഞ്ഞു.

രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഭഗവല്‍ സിങ് വിളിച്ചു. എന്നാല്‍, അന്നു പറ്റില്ലെന്നും പിറ്റേന്ന് വന്നുകൊള്ളാമെന്നും പറഞ്ഞു. അതനുസരിച്ച് പിറ്റേന്ന് ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തി. അദ്ദേഹം കാണിച്ചുതന്ന സ്ഥലത്ത് മൂന്നര-നാലടിയോളം താഴ്ചയില്‍ കുഴിയെടുത്തു. രണ്ടു ദിവസം കൊണ്ടാണ് കുഴിയെടുത്തു നല്‍കിയത്. പാറയായപ്പോള്‍ കുഴിയെടുപ്പ് നിര്‍ത്തി. ഇനി പറ്റില്ലെന്ന് പറഞ്ഞു.

Signature-ad

താന്‍ കുഴിയെടുക്കാന്‍ വീട്ടില്‍ ചെന്നപ്പോള്‍ ഭഗവല്‍ സിങ്ങും ഭാര്യ ലൈലയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഷാഫിയെ കണ്ടില്ലെന്നും ബേബി പറയുന്നു. വേസ്റ്റ് കുഴിയായതിനാല്‍ വേറെയൊന്നും ചോദിക്കേണ്ടതില്ലല്ലോ. അസ്വാഭാവികമായി ഒന്നും തോന്നിയില്ല. കുഴിയെടുത്തതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പോലീസ് വിളിച്ച് ചോദിച്ചിരുന്നുവെന്നും ബേബി പറഞ്ഞു. ഈ കുഴിയില്‍ നിന്നാണ് പത്മത്തിന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.

 

Back to top button
error: