ദില്ലി: സ്വന്തം താൽപ്പര്യമോ നിസ്സംഗതയോ കാരണം അതിർത്തി കടന്നുള്ള ഭീകരതയുടെ അപകടങ്ങൾ തിരിച്ചറിയാത്ത രാജ്യങ്ങൾ തീവ്രവാദത്തിന്റെ ഇരകളോട് കടുത്ത അനീതിയാണ് ചെയ്യുന്നതെന്ന് ഇന്ത്യ. ജർമ്മനിയുടെയും പാകിസ്ഥാന്റെയും വിദേശകാര്യമന്ത്രിമാർ നടത്തിയ കൂടിക്കാഴ്ചയിൽ കശ്മീർ വിഷയം പരാമർശിക്കപ്പെട്ടതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളുടെയും ശ്രദ്ധ ക്ഷണിച്ചുകൊണ്ടുള്ള ഇന്ത്യയുടെ പ്രസ്താവന.
“അന്താരാഷ്ട്ര ഭീകരതയെ, പ്രത്യേകിച്ച് അതിർത്തി കടന്നുള്ള തീവ്രവാദത്തെക്കുറിച്ച് വിളിച്ചുപറയാൻ ആഗോള സമൂഹത്തിലെ അംഗങ്ങൾക്ക് പങ്കും ഉത്തരവാദിത്തവും ഉണ്ട്.” ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന് വേണ്ടി വക്താവ് അരിന്ദം ബാഗ്ചി പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീർ പതിറ്റാണ്ടുകളായി ഇത്തരത്തിലുള്ള ഭീകരവാദ പ്രവർത്തനങ്ങളുടെ പ്രത്യാഘാതം അനുഭവിക്കുകയാണ്. ഇപ്പോഴും അത് തുടരുകയുമാണ്. നിരവധി വിദേശ പൗരന്മാർ അവിടെ ഇരകളായിട്ടുണ്ട്. അവിടെ മാത്രമല്ല, ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ആക്രമണങ്ങളുണ്ടായിട്ടുണ്ട്. 26/11 ഭീകരാക്രമണത്തിൽ പങ്കുള്ള പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരരെ യുഎൻ സെക്യൂരിറ്റി കൗൺസിലും എഫ്എടിഎഫും ഇപ്പോഴും പിന്തുടരുകയാണെന്നും അരിന്ദം ബാഗ്ചി പ്രസ്താവനയിൽ പറഞ്ഞു.
“സ്വന്തം താൽപ്പര്യങ്ങളോ നിസ്സംഗതയോ കാരണം രാജ്യങ്ങൾ അത്തരം അപകടങ്ങളെ തിരിച്ചറിയാതാകുമ്പോൾ, അവർ സമാധാനമെന്ന ലക്ഷ്യത്തെ തുരങ്കംവെക്കുകയാണ്, സാമാധാനത്തെ പ്രോത്സാഹിപ്പിക്കുകയല്ല ചെയ്യുന്നത്. ഭീകരതയുടെ ഇരകളോടും അവർ കടുത്ത അനീതിയാണ് കാണിക്കുന്നത്”. അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയും ജർമ്മൻ വിദേശകാര്യമന്ത്രി അന്നലീന ബെയർബോക്കും നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ കാശ്മീർ വിഷയവും താഴ്‌വരയിലെ മനുഷ്യാവകാശ ലംഘനവും ചർച്ചയായിരുന്നു.
അതിനിടെ, ഒമ്പതു മാസത്തിനിടെ പാകിസ്ഥാനിൽ ആറ് ഇന്ത്യൻ തടവുകാർ മരിച്ചെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇക്കാര്യം ഗൗരവമുള്ളതാണെന്നും അരിന്ദം ബാഗ്ചി പറഞ്ഞു. മരിച്ചവരിൽ അഞ്ച് പേർ മത്സ്യത്തൊഴിലാളികളാണ്. സാഹചര്യം ആശങ്കാജനകമാണ്. മരിച്ച തടവുകാരെല്ലാം അവരുടെ ശിക്ഷാകാലാവധി പൂർത്തിയാക്കിയവരാണ്. രാജ്യത്തുള്ള ഇന്ത്യൻ തടവുകാരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് പാകിസ്ഥാന്റെ കടമയാണെന്നും അരിന്ദം ബാഗ്ചി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ആശങ്ക ഇസ്ലാമാബാദിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.