തിരുവനന്തപുരം: സർക്കാർ നഴ്സിംഗ് കോളേജിൽ വിദ്യാർത്ഥിനികളെ മർദ്ദിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമുള്ള കേസിൽ പ്രതിക്ക് സംരക്ഷണം എന്ന് പരാതി. പ്രതിയെ കോളേജ് അധികൃതരും പൊലീസും സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് ദുരനുഭവമുണ്ടായ വിദ്യാർത്ഥിനി സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തി. സെപ്റ്റംബർ 27ന് വഞ്ചിയൂർ നഴ്സിംഗ് കോളേജിൽ സ്പോർട്സ് മീറ്റുമായി ബന്ധപ്പെട്ട് ബാച്ചുകൾ തമ്മിലുണ്ടായ തർക്കമാണ് അടിപിടിയിൽ കലാശിച്ചത്.
തർക്കത്തിനിടെ പുറത്തുനിന്നുവന്ന, മുൻവിദ്യാർത്ഥി കൂടിയായ ജഗിൽ ചന്ദ്രനെന്നയാൾ കോളെജിനകത്ത് കയറി, വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറുകയും കയ്യേറ്റം ചെയ്തെന്നുമാണ് പരാതി. സംഭവത്തിന് പിന്നാലെ വിദ്യാർതഥികൾ കോളെജ് പ്രിൻസിപ്പാളിനും മെഡിക്കൽ കോളെജ് പൊലീസിനും പരാതി നൽകി. പരാതിയിൽ കേസെടുത്ത പൊലീസ് ജഗിൽ ചന്ദ്രനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
നാല് പെൺകുട്ടികൾ പരാതി നൽകിയിട്ടും ജഗിൽ ചന്ദ്രനെ കോളേജ് അധിതൃകരും പൊലീസും സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് പരാതി നൽകിയ പെൺകുട്ടികളിൽ ഒരാൾ ഇൻസ്റ്റഗ്രാമിലൂടെ രംഗത്ത് എത്തിയത്. അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ജഗിൽ ചന്ദ്രനെതിരെ അച്ചടക്ക നടപടി എടുത്തിട്ടുണ്ടെന്നും, സർവകലാശാലയെ വിവരം അറിയിച്ചിട്ടുണ്ടെന്നുമാണ് കോളെജ് പ്രിൻസിപ്പാളിന്റെ വിശദീകരണം.