ദില്ലി: ഉത്തരാഖണ്ഡില്‍ മഞ്ഞിടിച്ചിലില്‍ കുടുങ്ങിയ 16 പർവതാരോഹകരുടെ മൃതദേഹം കണ്ടെത്തി. 14 വിദ്യാർത്ഥികളുടെയും രണ്ട് അധ്യാപകരുടെയും മൃതദേഹമാണ് കണ്ടെത്തിയത്. 14 പേരെയാണ് ഇതുവരെ രക്ഷപ്പെടുത്തി താഴെയെത്തിച്ചത്. ബാക്കിയുളളവർക്കായുള്ള തിരച്ചില്‍ നാളെ രാവിലെയും തുടരും. ദുരന്ത നിവാരണ സേനയും സൈന്യവും പർവതാരോഹക വിദഗ്ധരും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
ഉത്തരകാശിയിലെ നെഹ്റു മൗണ്ടനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും മലയകയറ്റത്തിനായി പോയ 41 അംഗ സംഘമാണ് ചൊവ്വാഴ്ച അപകടത്തില്‍പെട്ടത്. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ജില്ലയില്‍ 3 ദിവസം കൂടി ട്രെക്കിംഗും മലകയറ്റവും വിലക്കി കളക്ടർ ഉത്തരവിട്ടു. അപകടത്തില്‍പ്പെട്ടവരുടെ പട്ടിക ഉത്തരാഖണ്ഡ് പോലീസ് പുറത്തുവിട്ടു. ഇതില്‍ കൂടുതല്‍ പേർ ഉത്തരാഖണ്ഡില്‍ നിന്നാണ്. എട്ട് പേർ പശ്ചിമബംഗാളില്‍നിന്നും ഹിമാചല്‍ പ്രദേശില്‍ നിന്നും മൂന്ന്, ഹരിയാനയില്‍ നിന്നും കർണാടകയില്‍ നിന്നും രണ്ട്, ദില്ലി, തമിഴ്നാട്, അസം, തെലങ്കാന, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്നും ഒരാൾ വീതവും അപകടത്തില്‍പെട്ടിട്ടുണ്ട്.
കര വ്യോമ സേനകളുടെ കൂടുതല്‍ ഹെലികോപ്റ്ററുകൾ ഇന്ന് രക്ഷാ പ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്. കര – വ്യോമ സേനകളും ദേശീയ സംസ്ഥാന ദുരന്ത നിവാരണ സേനകളും ഐടിബിപിയും സംയുക്തമായാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്. കര – വ്യോമസേനകളുടെ കൂടുതല്‍ ഹെലികോപ്റ്ററുകള്‍ എത്തിച്ചായിരുന്നു ഇന്നലെ രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു.