NEWSWorld

കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ മൃതദേഹം; കാണാതായ യുവാവിന്റേതെന്ന് സംശയം

കുവൈത്ത് സിറ്റി: കുവൈത്തിലെ ശുവൈഖ് തുറമുഖത്തിന് സമീപം കടലില്‍ ഒഴുകി നടക്കുന്ന രീതിയില്‍ മൃതദേഹം കണ്ടെത്തി. അഗ്നിശമനസേനയും മറൈന്‍ രക്ഷാപ്രവര്‍ത്തകസംഘവുമാണ് മൃതദേഹം കണ്ടെത്തിയത്. ശൈഖ് ജാബിര്‍ അല്‍ അഹമ്മദ് പാലത്തില്‍ നിന്ന് ചാടിയ യുവാവിന്റെ മൃതദേഹമാണിതെന്നാണ് കരുതുന്നത്. ജനറല്‍ ഫയര്‍ ബ്രിഗേഡിലെ ഓപ്പറേഷന്‍സ് റൂമില്‍ ഒരു മൃതദേഹം ഒഴുകി നടക്കുന്നതായി കണ്ടെത്തിയെന്ന് വിവരം ലഭിച്ചിരുന്നു. ശുവൈഖ് കേന്ദ്രത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഉടന്‍ ചന്നെ തുറമുഖത്തെത്തി മൃതദേഹം പിന്നീട് പരിശോധനയ്ക്കായി ഫോറന്‍സിക് വിഭാഗത്തിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം പാലത്തില്‍ നിന്ന് ഒരു യുവാവ് താഴേക്ക് ചാടിയതായി വിവരം ലഭിച്ചിരുന്നു. യുവാവിന്റെ കാറും തിരിച്ചറിയല്‍ കാര്‍ഡും പാലത്തിന് മുകളില്‍ നിന്ന് കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 21കാരനായ സ്വദേശി യുവാവിനെ കാണാനില്ലെന്ന് നേരത്തെ പൊലീസിന് വിവരം ലഭിച്ചിരുന്നതായി സെക്യൂരിറ്റി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാളെ കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് യുവാവിന്റെ കാറും ഐഡി കാര്‍ഡും പാലത്തിന് മുകളില്‍ നിന്ന് ലഭിച്ചത്. സംഭവത്തില്‍ ആത്മഹത്യക്ക് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുവാവിന്റെ മൃതദേഹം കണ്ടെത്തുന്നതിനായി തെരച്ചില്‍ പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോള്‍ ഒഴുകി നടക്കുന്ന നിലയില്‍ ഒരു മൃതദേഹം കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും നീളമേറിയ പാലങ്ങളിലൊന്നാണ് കുവൈത്തിലെ ശൈഖ് ജാബിര്‍ കോസ് വേ.

കുവൈത്തില്‍ അടുത്തിടെ നിരവധി ആത്മഹത്യകളും ആത്മഹത്യാ ശ്രമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 41 ആത്മഹത്യാ കേസുകളും 43 ആത്മഹത്യാ ശ്രമങ്ങളുമാണ് കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസം കുവൈത്തില്‍ അപ്പാര്‍ട്ട്മെന്റിനുള്ളില്‍ പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഖൈത്താനിലാണ് സംഭവം. മൃതദേഹത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നു. കൊലപാതകമെന്ന നിഗമനത്തില്‍ സുരക്ഷാ വകുപ്പുകള്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Back to top button
error: