NEWSWorld

തെക്ക് ഭാഗത്തും കിഴക്കന്‍ പ്രദേശത്തും യുക്രൈന്‍ സൈന്യം മുന്നേറുകയാണെന്ന് റിപ്പോര്‍ട്ടുകള്‍

കീവ്: യുക്രൈന്‍റെ 15 ശതമാനത്തോളം ഭൂപ്രദേശം ഹിതപരിശോധന നടത്തി റഷ്യന്‍ ഫെഡറേഷന്‍റെ ഭാഗമാക്കിയതിന് പിന്നാലെ തെക്ക് ഭാഗത്തും കിഴക്കന്‍ പ്രദേശത്തും യുക്രൈന്‍ സൈന്യം മുന്നേറുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 24 ന് ആരംഭിച്ച യുദ്ധത്തില്‍ ആദ്യത്തെ രണ്ട് മാസങ്ങള്‍ക്ക് ശേഷം കീവില്‍ നിന്നും റഷ്യന്‍ സൈന്യത്തെ പിന്‍വലിച്ച് തെക്കന്‍ മേഖലയില്‍ വിന്യസിച്ചിരുന്നു. പിന്നീട് നടന്ന ശക്തമായ കരയുദ്ധത്തില്‍ യുക്രൈന്‍റെ തെക്ക് കിഴക്കന്‍ മേഖലയിലെ നാല് പ്രവിശ്യകള്‍ റഷ്യ പിടിച്ചെടുത്തു.

യുദ്ധം എട്ടാം മാസത്തിലേക്ക് കടക്കുമ്പോള്‍, 2014 ല്‍ ക്രിമിയ സ്വന്തമാക്കിയത് പോലെ കിഴടക്കിയ പ്രദേശങ്ങള്‍ തൃതിയില്‍ ഹിതപരിശോധന നടത്തിയ റഷ്യ പിന്നീട് ഹിതപരിശോധനയില്‍ ജനങ്ങള്‍ റഷ്യയ്ക്കായി വോട്ട് ചെയ്തെന്ന് അവകാശപ്പെടുകയും അവ റഷ്യന്‍ ഫെഡറേഷനൊപ്പം ചേര്‍ക്കുകയും ചെയ്തിരുന്നു. യുഎസ്, യുകെ, യൂറോപ്യന്‍ യൂണിയനും റഷ്യയുടെ നീക്കത്തെ അംഗീകരിച്ചില്ല. ഇതിന് പിന്നാലെ റഷ്യ രാജ്യത്തോടൊപ്പം കൂട്ടി ചേര്‍ത്ത പല ഗ്രാമങ്ങളും കീഴടക്കിയതായി യുക്രൈന്‍ സൈന്യം വെളിപ്പെടുത്തിയിരുന്നു.

Signature-ad

തെക്കൻ കെർസൺ മേഖലയിലെ റഷ്യൻ പ്രതിരോധം തകര്‍ത്ത് യുക്രൈന്‍ സേന മുന്നേറുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം ഡൊനെറ്റ്സ്കിൽ, യുക്രൈന്‍ സൈന്യം ലൈമാൻ പട്ടണം പിടിച്ചെടുത്ത് കൂടുതല്‍ കിഴക്കോട്ട് നീങ്ങുന്നു. ഡൊനെറ്റ്സ്ക്, ലുഹാൻസ്ക്, സപോരിജിയ, കെർസൺ എന്നീ നാല് പ്രദേശങ്ങൾ റഷ്യ തങ്ങളുടെ രാജ്യത്തോടൊപ്പം കൂട്ടിച്ചേർത്തെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുക്രൈന്‍റെ സൈനിക നീക്കം.

‘ഈ യുദ്ധം ആരംഭിച്ചത് ക്രിമിയയിൽ നിന്നാണ്, അത് ക്രിമിയയിൽ അവസാനിക്കണം. അതിന്‍റെ വിമോചനത്തോടെ,’ ഓഗസ്റ്റിൽ പ്രസിഡന്‍റ് വോളോഡിമർ സെലെസ്‌കി പ്രഖ്യാപിച്ചു. സൈനിക വിദഗ്ധരുടെ അഭിപ്രായത്തിൽ, യുക്രൈന്‍ ജനറൽമാർ ലക്ഷ്യമിടുന്നതും അതാണ്. ‘കെർസൺ, മരിയുപോൾ നഗരങ്ങൾ വഴി പോയി അവസാന റഷ്യൻ സൈനികൻ ക്രിമിയയിൽ നിന്ന് പാലം കടക്കുന്നത് വരെ. ‘ യുദ്ധം തുടരുമെന്ന് യൂറോപ്പിലെ അമേരിക്കൻ സേനയുടെ മുൻ കമാൻഡറായ ബെൻ ഹോഡ്ജസ് അഭിപ്രായപ്പെട്ടു. യുക്രൈന്‍ വിജയത്തിന്‍റെ പാതയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ യുദ്ധമുഖത്ത് യുക്രൈന്‍ ഇഞ്ചിഞ്ചായി മുന്നേറുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. യുക്രൈന്‍റെ കിഴക്കന്‍ മേഖലയിലെ പല പട്ടണങ്ങളില്‍ നിന്നും റഷ്യന്‍ സൈന്യം ഏകപക്ഷീയമായി പിന്മാറുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, പരാജയം മുന്നില്‍ കണ്ടാല്‍ കീവ് കീഴടക്കാന്‍ പുടിന്‍, യുദ്ധമുഖത്തേക്ക് നിർബന്ധിത സൈനികരെ മുതല്‍  ആണവായുധം വരെ ഉപയോഗിക്കാന്‍ മടിക്കില്ലെന്നും യുദ്ധ വിദഗ്ദര്‍ പറയുന്നു.

Back to top button
error: