ബംഗളൂരു: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച് കര്‍ണാടക പൊലീസ്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയ്ക്ക് എതിരായ ‘പേ സി.എം’ എന്ന ടീഷര്‍ട്ട് ധരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലീസ് മര്‍ദിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.
ബസവരാജ് ബൊമ്മെയ്‌ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധമായിരുന്നു ‘പേ സി.എം’ ക്യാമ്പയിന്‍. ഈ പ്രതിഷേധത്തിന്റെ ഭാഗമായുള്ള ടീഷര്‍ട്ട് ധരിച്ചാണ് പ്രവര്‍ത്തകന്‍ എത്തിയത്. ഇത് മുഖ്യമന്ത്രിയെ അപമാനിക്കുന്നതാണെന്ന പരാതിയെ തുടര്‍ന്നാണ് പോലീസിന്റെ നടപടി.
പ്രവര്‍ത്തകനെ തല്ലുന്നതും നിര്‍ബന്ധിച്ച് ടീഷര്‍ട്ട് അഴിപ്പിക്കുന്നതുമായ വീഡിയോ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കുവച്ചിട്ടുണ്ട്. സര്‍ക്കാര്‍ ടെന്‍ഡറുകള്‍ അനുവദിച്ചു നല്‍കാന്‍ വന്‍തുക കൈപ്പറ്റുന്നതായുള്ള അഴിമതി ആരോപണം ഉയര്‍ന്നതോടെയാണ് ബൊമ്മയ്‌ക്കെതിരെ ‘പേ സി.എം’ പ്രതിഷേധം കോണ്‍ഗ്രസ് സംഘടിപ്പിച്ചത്.