CrimeNEWS

ഒ.ടി.പി ചോദിച്ച് വിളിച്ചു; നടന്‍ അന്നു കപൂറിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 4.36 ലക്ഷം തട്ടി

മുംബൈ: ബാങ്ക് ജീവനക്കാരനെന്ന് പറഞ്ഞ് കബളിപ്പിച്ച് നടന്‍ അന്നു കപൂറിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 4.36 ലക്ഷം തട്ടിയെടുത്തു. എന്നാല്‍ പോലീസിന്റെ അടിയന്തര ഇടപെടലില്‍ 3.08 ലക്ഷം തിരിച്ചുപിടിക്കാനായി.

ബാങ്കിലെ ഉദ്യോഗസ്ഥനാണെന്ന് വ്യാജേന വ്യാഴാഴ്ചയാണ് അന്നു കപൂറിന്റെ ഫോണിലേക്ക് വിളി വന്നത്. കെ.വൈ.സി ഫോം അപ്ഡേറ്റ് ചെയ്യുന്നതിന് ബാങ്ക് വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടു. അത് അദ്ദേഹം നല്‍കി. തുടര്‍ന്ന് ഫോണിലേക്ക് വന്ന ഒടിപി ഫോണിലൂടെ ആവശ്യപ്പെട്ടതനുസരിച്ച് താരം കൈമാറിയതായി പോലീസ് പറഞ്ഞു.

Signature-ad

ഒടിപി കൈമാറി കുറച്ച് സമയങ്ങള്‍ക്ക് ശേഷം തന്നെ രണ്ടു ഇടപാടുകളിലൂടെയായി 4.36 ലക്ഷം രൂപയാണ് അന്നു കപൂറിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് കൈമാറപ്പെട്ടത്. സംശയാസ്പദകരമായ ഇടപാട് നടന്നതിന് തൊട്ടുപിന്നാലെ ബാങ്ക് അധികൃതര്‍ അദ്ദേഹത്തെ വിളിച്ചപ്പോഴാണ് പണം അപഹരിക്കപ്പെട്ടതായി ബോധ്യപ്പെട്ടത്.

വ്യാഴാഴ്ച രാവിലെയാണ് അഞ്ജാത നമ്പറില്‍നിന്ന് കൃഷ്ണകുമാര്‍ റെഡ്ഡി എന്ന് പരിചയപ്പെടുത്തി ഒരാള്‍ നടനെ വിളിച്ചത്. തനിക്ക് അക്കൗണ്ടുള്ള ദേശസാത്കൃത ബാങ്കിലെ ജീവനക്കാരനാണെന്നും പറഞ്ഞു. ബാങ്കില്‍ അന്നു കപൂര്‍ മുമ്പ് നല്‍കിയ കെ.വൈ.സി അപ്ഡേഷന്‍ പൂര്‍ണ്ണമല്ല. അത് പൂര്‍ത്തീകരിച്ചില്ലെങ്കില്‍ അക്കൗണ്ട് ബോക്ക് ആകുമെന്നും ധരിപ്പിച്ചു. അക്കൗണ്ട് വിവരങ്ങള്‍ തരാം നിങ്ങള്‍ തന്നെ ചെയ്തോളൂവെന്ന് താരം വ്യക്തമാക്കി. അത് നിങ്ങള്‍ സ്വയം ചെയ്യേണ്ടതാണെന്ന് ബാങ്ക് ജീവനക്കാരനെന്ന് പരിചയപ്പെടുത്തിയ ആള്‍ മറുപടി നല്‍കി.

എങ്ങനെ സ്വയം ചെയ്യുമെന്ന് ആരാഞ്ഞ നടനോട് നിങ്ങളുടെ ഫോണിലേക്ക് വന്ന നമ്പര്‍ കൈമാറണമെന്നും ഒപ്പം ബാങ്ക് വിവരങ്ങളും പങ്കിടാന്‍ ആവശ്യപ്പെട്ടു. തട്ടിപ്പുക്കാരന്‍ ആവശ്യപ്പെട്ട ഒടിപിയും ബാങ്ക് അക്കൗണ്ട് നമ്പറും നടന്‍ കൈമാറുകയും ചെയ്തു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്ന് പറഞ്ഞുകൊണ്ട് റെഡ്ഡിയെന്ന് പരിചയപ്പെടുത്തിയ ആള്‍ ഫോണ്‍ കട്ട് ചെയ്തു.

തൊട്ടുപിന്നാലെയാണ് ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ സര്‍വീസില്‍ നിന്ന് അന്നു കപൂറിന് അപ്രതീക്ഷിതമായി ഫോണ്‍ വന്നത്. താങ്കളുടെ അക്കൗണ്ടില്‍ നിന്ന് 4.36 ലക്ഷം രൂപയുടെ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കസ്റ്റമര്‍ കെയര്‍ എക്സിക്യുട്ടീവ് അറിയിച്ചു.രണ്ട് ഇടപാടുകളിലൂടെ രണ്ട് ലക്ഷം, 2.36 ലക്ഷം രൂപ എന്നിങ്ങനെയാണ് കൈമാറ്റം ചെയ്യപ്പെട്ടത്. തന്റെ അറിവോടെയല്ല പണം പിന്‍ലിക്കപ്പെട്ടതെന്ന അന്നു കപൂറിന്റെ പ്രതികരണത്തിന് പിന്നാലെ താത്കാലികമായി അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയാണെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

തനിക്ക് പറ്റിയ അബദ്ധം മനസ്സിലാക്കിയ നടന്‍ സമയം കളയാതെ ഒഷിവാര പോലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ ധരിപ്പിക്കുകയായിരുന്നു. പോലീസിന്റെ വേഗത്തിലുള്ള നടപടിയില്‍ രണ്ട് ബാങ്ക് അക്കൗണ്ടുകളിലേക്കായിട്ടാണ് പണം കൈമാറ്റം ചെയ്യപ്പെട്ടതെന്ന് വ്യക്തമായി. കൈമാറ്റം ചെയ്യപ്പെട്ട ബാങ്കിന്റെ അധികൃതരുമായി ബന്ധപ്പെട്ട് ഈ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയായിരുന്നു. ഇതോടെയാണ് 3.08 ലക്ഷം ബാക്കിയായി കിട്ടിയത്. പ്രിയദര്‍ശന്‍ ചിത്രമായ കലാപാനിയില്‍ വീര സവര്‍ക്കറെ അവതരിപ്പിച്ച അന്നു കപൂര്‍ മലയാളികള്‍ക്കും സുപരിചിതനാണ്.

 

Back to top button
error: