നുണ പറഞ്ഞ് രാജാവായ പന്നിയുടെ കഥയാണ് അലക്‌സ് ബിയേർഡിന്റെ ‘ദി ലയിംഗ് കിങ്’
നനഞ്ഞു കിടക്കുന്ന മണ്ണിൽ ചവിട്ടി വരണ്ടു കിടക്കുന്നല്ലോ എന്ന് പഴിക്കും.
മയിലിനെ നോക്കി എന്തോരു വൈരൂപ്യമാണ് നിനക്ക് എന്ന് പരിഹസിക്കും.
103 വയസ്സായ ആമയുടെ മുഖത്തു നോക്കി നിന്നെക്കാൾ പരിചയ സമ്പത്ത് എനിക്കാണെന്ന് ഉളുപ്പില്ലാതെ പറയും.
ഏറ്റവും വേഗതയുള്ളത് തനിക്കാണെന്ന് ചീറ്റപ്പുലിയോട് വാദിക്കും.
അവന്റെ വർത്തമാനം കേട്ട് തങ്ങൾക്കൊന്നും ഒരു കഴിവുമില്ലെന്ന് സിംഹവും കടുവയും വരെ ചിന്തിച്ചു. അവർക്ക് സ്വന്തം കഴിവിലുള്ള വിശ്വാസം നഷ്ടപ്പെട്ടു.
നുണകൾ പലവട്ടം ആവർത്തിച്ചപ്പോൾ പന്നിയുടെ വാക്കുകൾ ശരിയാണെന്ന് തോന്നിയ മൃഗങ്ങൾ പന്നിയെ രാജാവാക്കി.
പിന്നീട് ആകെ നയം മാറ്റങ്ങൾ. കാടിന്റെ പല ഭാഗങ്ങളുടേയും പേരുകൾ മാറി.
മീതെ എന്നുള്ളതിന് താഴെ എന്നു മാത്രമേ പറയാവൂ എന്ന നിയമം വന്നു. ഇന്നലെ എന്നത് ഇനി മുതൽ നാളെ എന്നായിരിക്കും. എന്തൊക്കെയോ പുതുതായി നടപ്പാക്കാൻ പോകുന്നു എന്ന പ്രതീതിയിൽ കുറച്ചു പൊതുമൃഗങ്ങള്‍ ആവേശഭരിതരായി.
കറുത്ത വരകളോട് കൂടിയ വെളുത്ത സീബ്രകളാണ്, വെളുത്ത വരകളോട് കൂടിയ കറുത്ത സീബ്രകളേക്കാൾ മികച്ചത് എന്ന പ്രഖ്യാപനം പെട്ടെന്നായിരുന്നു. സീബ്രകൾ തമ്മിൽ ആശയക്കുഴപ്പങ്ങളും വാഗ്വാദങ്ങളും കയ്യേറ്റങ്ങളുമാരംഭിച്ചു.
തന്റെ ദൗർബല്യങ്ങൾ മറച്ചു വെക്കാൻ മൃഗങ്ങളെ പലതും പറഞ്ഞ് തമ്മിലടിപ്പിച്ചു. മൃഗങ്ങളുടെ ശ്രദ്ധ മാറിയെന്ന് കണ്ട് തന്റേതായ പുതിയ തന്ത്രങ്ങളുമായി കാട് മുടിച്ചു.
ആർക്കും പരസ്പരം വിശ്വാസമില്ലാതായി, വഞ്ചന പടർന്നു…
കടുവകൾ വെജിറ്റേറിയനാണെന്ന് മാനുകളോട് കള്ളം പറഞ്ഞു. അത് വിശ്വസിച്ച പല മാനുകളെയും കാണാതായി.
ഒടുവിൽ ഒരു എലി മുന്നോട്ട് വന്നു. അവൻ ധൈര്യസമേതം പറഞ്ഞു: എടാ പന്നീ, മയിലുകളെ കാണാൻ എന്തൊരു ഭംഗിയാണ്, നീ പെരും നുണയനാണ്, മാലിന്യം തിന്നുന്ന വെറും പന്നിയല്ലേ നീ…?
എലിയെ നോക്കി ‘കടുവക്കും പുലിക്കുമില്ലാത്ത ധൈര്യം നിനക്കോ’ എന്ന് പന്നി പുച്ഛിച്ചു. നീ വെറും പീക്കിരിയാണെന്നും തന്നോട് മുട്ടാൻ വരണ്ടെന്നും അവൻ ഭീഷണിയിറക്കി.
പക്ഷെ, എലിയുടെ വാക്കുകൾ സമൂഹത്തിൽ ചർച്ചയായി. മാലിന്യം തിന്നുന്ന വെറുമൊരു പന്നിയാണ് നമ്മെ അടക്കി ഭരിക്കുന്നത് എന്നവർക്ക് ബോധ്യമായി.
മൃഗങ്ങൾക്ക് മറിച്ചു ചിന്തിക്കാനുള്ള ധൈര്യം കിട്ടി…
ഒടുവിൽ മൃഗങ്ങളെല്ലാം ചേർന്ന് പന്നിയെ ചവിട്ടിപ്പുറത്താക്കി.
സത്യം പറയാൻ ഒരു എലിയെങ്കിലും ഉണ്ടായെങ്കിൽ…
ലോകത്ത് എല്ലാ മേഖലയിലും ഇന്ന് നടക്കുന്ന അനീതിയുടെ നേർചിത്രം ആണ് അലക്സ് ബിയേഡിൻറെ
പ്രസിദ്ധമായ ഈ കഥ.
ജോര്‍ജ് ഓര്‍വെല്ലിന്റെ ‘അനിമല്‍ ഫാം’ എന്ന നോവല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. സ്റ്റാലിന്‍ കാലഘട്ടത്തെ വളരെ സമര്‍ഥമായി മൃഗങ്ങളുടെ കഥകളിലൂടെ പറഞ്ഞുവെക്കുകയായിരുന്നു ജോര്‍ജ് ഓര്‍വെല്‍. ഒരു ഫാമിലെ മൃഗങ്ങളെല്ലാം അവരുടെ ജോണ്‍സണ്‍ എന്ന ഉടമക്കെതിരെ തിരിയുന്നതാണ് ‘അനിമല്‍ ഫാമി’ന്റെ ഉള്ളടക്കം. മേജര്‍ എന്ന പന്നി മനുഷ്യര്‍ക്കെതിരെ മൃഗങ്ങളെ സംഘടിപ്പിക്കുകയാണ്. വിപ്ലവം അനിവാര്യമാണെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തി. മേജറിന്റെ കാലശേഷം ആ വിപ്ലവ സ്വപ്‌നം സ്‌നോബോള്‍, നെപ്പോളിയന്‍ എന്നീ പന്നികള്‍ ഏറ്റെടുക്കുന്നു, അവസാനം അവര്‍ വിജയിക്കുകയും ചെയ്യുന്നു. അങ്ങനെ അവര്‍ അനിമല്‍ ഫാം ഉണ്ടാക്കുന്നു. പിന്നീട് പന്നികളുടെ ഭരണമാണ് നടക്കുന്നത്. എല്ലാ മൃഗങ്ങളും സമന്മാരാണ് എന്നത് ചിലര്‍ കൂടുതല്‍ സമന്മാരാണ് എന്ന് എഴുതിച്ചേര്‍ക്കുന്നു. ഗ്രൂപ്പിസം വളരുന്നു. ഇഷ്ടപ്പെടാത്തവരെ പുറത്താക്കുന്നു, കൊലപ്പെടുത്തുന്നു. നയങ്ങളും മറ്റും നിരന്തരം മാറ്റുന്നു. ഒടുക്കം പന്നികളുടെ മുഖത്തിന് മനുഷ്യരുടെ മുഖവുമായി സാമ്യം വരുന്നു.
ആ കാലത്തെ ശക്തമായ രചനയായി ‘അനിമല്‍ ഫാം’ മാറി.
ആ കാലത്തെ ശക്തമായ രചനയായി ‘അനിമല്‍ ഫാം’ മാറി.
ഇപ്പോള്‍ കാലം മാറി. പുതിയ പുതിയ ആശയങ്ങളും കാഴ്ചപ്പാടുകളും ലോകം ഭരിക്കാന്‍ തുടങ്ങി. ഫാഷിസം പോലെ തന്നെ പോസ്റ്റ് ട്രൂത്തും പോപ്പുലിസവും ചര്‍ച്ചയായി. കള്ളങ്ങളും വിഡ്ഢിത്തങ്ങളും പ്രചരിപ്പിക്കുന്നവര്‍ നാട് ഭരിക്കാന്‍ തുടങ്ങി. ചെറിയ ചെറിയ കള്ളങ്ങള്‍ കൊണ്ട് ആളുകള്‍ തൃപ്തിപ്പെടാതായി. പെരുങ്കള്ളങ്ങള്‍ മടിയേതുമില്ലാതെ പറയുന്നവര്‍ അധികാരത്തില്‍ തുടര്‍ന്നു. അങ്ങനെ മലിനമായൊരു പരിസ്ഥിതിയിലാണ് മറ്റൊരു പന്നിക്കഥ വരുന്നത്.