ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്ന പഴഞ്ചൊല്ല് സത്യമായി. പൂച്ച കടിച്ച് ചികിത്സയ്ക്ക് എത്തിയ യുവതിയെ ആശുപത്രിക്കുള്ളിൽ വച്ച് പട്ടി കടിച്ചു. തിരുവനന്തപുരം വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ വച്ചാണ് സംഭവം. രണ്ടാഴ്ച മുൻപ് പൂച്ച കടിച്ചതിനെ തുടർന്ന് വാക്സിൻ എടുക്കാൻ എത്തിയ യുവതിയെയാണ് ആശുപത്രിക്കുള്ളിൽ കിടക്കുകയായിരുന്ന പട്ടി ആക്രമിച്ചത്. കാലിൽ കടിയേറ്റ യുവതിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
വിഴിഞ്ഞം സ്വദേശി അപർണ എന്ന മുപ്പതുകാരിയാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വച്ച് നായയുടെ ആക്രമണത്തിന് ഇരയായത്. രണ്ടാഴ്ച മുൻപ് അപർണയെ പൂച്ച കടിച്ചിരുന്നു. അതിൻ്റെ ആദ്യ ഡോസ് വാക്സിൻ എടുത്തു. രണ്ടാം ഡോസ് വാക്സിൻ എടുക്കാൻ ആശുപത്രിയിൽ എത്തിയ സമയത്താണ് ആശുപത്രിക്കുള്ളിൽ കിടക്കുകയായിരുന്നു നായ അപർണയെ ആക്രമിച്ചത്. കാലിൽ കടിയേറ്റ അപർണയെ ബന്ധുക്കൾ എത്തി തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.