IndiaNEWS

ഭാരത് ജോഡോ യാത്ര ഇന്ന് കർണാടകയിൽ; അടുത്ത ദിവസങ്ങളിൽ പ്രിയങ്കയും സോണിയയും ചേരും

ഗൂഡല്ലൂർ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് കർണാടകയിൽ പ്രവേശിക്കും. ഗുണ്ടൽപേട്ടിൽ നിന്ന് രാവിലെ ഒമ്പത് മണിക്കാണ് പദയാത്ര തുടങ്ങുക. ഗൂഡല്ലൂരിൽ നിന്ന് പുറപ്പെടുന്ന രാഹുൽ ഗാന്ധിയെ മേൽ കമ്മനഹള്ളിയിൽ വെച്ച് കോൺഗ്രസ് നേതാക്കൾ സ്വീകരിക്കും. കർണാടകയിൽ 21 ദിവസമാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

ഏഴ് ജില്ലകളിലൂടെ 511 കിലോമീറ്റർ കാൽനടയായി സഞ്ചരിക്കും. കർഷക നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തും. കർണാടകയിൽ നിയസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഹുൽ ഗാന്ധിയുടെ യാത്ര സംസ്ഥാനത്ത് എത്തുന്നത്. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടുത്ത ദിവസങ്ങളിൽ രാഹുലിന്റെ യാത്രയിൽ പങ്കുചേരാൻ കർണാടകയിലെത്തും. 19 ദിവസത്തെ കേരള പര്യടനത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് രാഹുൽ ഗൂഡല്ലൂരിലെത്തിയത്.

Signature-ad

കന്യാകുമാരി മുതൽ കശ്മീർ വരെ പാർട്ടിയുടെ പ്രതീക്ഷയായ നേതാവ് നടക്കുമ്പോൾ രാജ്യമാകെ അതിന്റെ അലയൊലി ഉയർത്തനാണ് കോൺ​ഗ്രസ് ശ്രമിച്ചത്. ഈ മാസം ഏഴിന് വലിയ പ്രതീക്ഷകളോടെയാണ് കോൺ​ഗ്രസ് ജോഡോ യാത്രയ്ക്ക് തുടക്കം കുറിച്ചത്. പതിനൊന്നിന് യാത്ര കേരളത്തിൽ എത്തിയപ്പോൾ ആവേശം വാനോളമായി. പിആർ വർക്ക്, കണ്ടെയ്നർ യാത്ര, പൊറോട്ട യാത്ര എന്നൊക്കെ എതിരാളികൾ ആക്ഷേപിച്ചപ്പോഴും യാത്രയിൽ വൻ ജനപങ്കാളിത്തമുണ്ടായിരുന്നു.

കേരളത്തിൽ എത്തിയപ്പോൾ മുതൽ സിപിഎം പരിഹാസവും വിമര്‍ശനവും ഉയർത്തിയെങ്കിലും മുഖ്യ എതിരാളിയായി ബിജെപിയെ എടുത്ത് പറഞ്ഞായിരുന്നു രാഹുൽ മുന്നോട്ട് പോയത്. പാർട്ടിയെ ശക്തിപ്പെടുത്താൻ 483 കിലോമീറ്റര്‍ പിന്നിട്ട യാത്രാ സഹായിച്ചെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. എന്നാൽ, യാത്രക്കിടെ ദേശീയ തലത്തിൽ പാർട്ടി നേരിട്ടത് കടുത്ത പരീക്ഷണങ്ങളാണ്. ​ഗോവയിൽ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറിയതിന്റെ ക്ഷീണം മാറും മുമ്പാണ് അധ്യക്ഷ സ്ഥാന പ്രതിസന്ധിയിൽ പാർട്ടി ആടിയുലഞ്ഞത്.

Back to top button
error: