LIFENEWS

മനുഷ്യനാവണം, മനുഷ്യനാവണം… കുട്ടിയുടെ വേദന കണ്ട് കണ്ണു നിറഞ്ഞ് മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥ

ലഖ്‌നൗ: വാഹനാപകടത്തില്‍ പരുക്കേറ്റ കുട്ടിയുടെ വേദന കണ്ട് കണ്ണുനിറഞ്ഞ് മലയാളി ഐ.എ.എസ്. ഉദ്യോഗസ്ഥ! ലഖിംപുര്‍ ഖേരിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്തു പേര്‍ മരിക്കുകയും 41 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പരുക്കേറ്റവരുടെ കുടുംബത്തെ സന്ദര്‍ശിച്ച ലഖ്‌നൗ ഡിവിഷനല്‍ കമ്മിഷണറുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. മലയാളിയായ ഐ.എ.എസ് ഓഫീസര്‍ റോഷന്‍ ജേക്കബാണ് പരുക്കേറ്റവരുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലെത്തിയത്. അവിടെ ചികിത്സയില്‍ കഴിയുന്നവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചുകൊണ്ടിരിക്കെയാണ് ഒരു സ്ത്രീ വന്ന് ഒരു കുറച്ചു ദിവസങ്ങളായി അവിടെ കഴിയുന്ന ഒരു രോഗിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നു പറയുന്നത്.

ഇത് കേട്ട് ആ കുട്ടിയുടെയും അവനു കൂട്ടിരിക്കുന്ന അമ്മയുടെയും അരികിലെത്തി അവരുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് ഡോക്ടര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കുന്നത് വീഡിയോയില്‍ കാണാം. പോകാന്‍ നേരം കുട്ടിയോട് സംസാരിക്കുന്ന റോഷന്‍ അവന്റെ വേദന കേട്ട് കണ്ണീരണിയുന്നതും ദൃശ്യങ്ങളില്‍ കാണാം.

തിരുവനന്തപുരം സദ്വേശിയായ റോഷന്‍ 2004 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. നേരത്തേയും റോഷന്‍ ജേക്കബ് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. കോവിഡ് വ്യാപന സമയത്തെ റോഷന്റെ പ്രവര്‍ത്തനങ്ങള്‍ നിരവധി പേര്‍ അഭിനന്ദിച്ചിരുന്നു. ലഖ്നൗവില്‍ കനത്ത മഴയെത്തുടര്‍ന്ന് വെള്ളപ്പൊക്കമുണ്ടായപ്പോള്‍ അവിടെ സന്ദര്‍ശിക്കാനെത്തിയ റോഷന്റെ വീഡിയോയും വൈറലായിരുന്നു. വെള്ളക്കെട്ടിലിറങ്ങി നടക്കുന്ന വീഡിയോയാണ് വൈറലായത്.

 

 

Back to top button
error: