NEWS

ലോട്ടറി ടിക്കറ്റ് എടുക്കാതെ തന്നെ ഓണം ബംബർ നറുക്കെടുപ്പിൽ പങ്കെടുക്കാം;ഭാഗ്യവാന് 25 ലക്ഷം രൂപ ഒന്നാം സമ്മാനം

തിരുവനന്തപുരം: ലോട്ടറി ടിക്കറ്റ് എടുക്കാതെ തന്നെ ഓണം ബംബർ നറുക്കെടുപ്പിൽ പങ്കെടുക്കാം! ഭാഗ്യവാന് 25 ലക്ഷം രൂപ ഒന്നാം സമ്മാനമായി ലഭിക്കും.
സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ‘ലക്കി ബിൽ’ മൊബൈൽ ആപ്പിന്റെ ഓണം ബംബർ നറുക്കെടുപ്പിൽ പങ്കെടുക്കാൻ ഇനി 2 ദിവസം കൂടി അവസരം. സെപ്റ്റംബർ 30 വരെ അപ് ലോഡ് ചെയ്യുന്ന ബില്ലുകൾ ബംബർ സമ്മാനത്തിനായി പരിഗണിക്കും. ഒക്ടോബർ ആദ്യവാരം നറുക്കെടുപ്പു നടത്തും.
സാധനങ്ങളും സേവനങ്ങളും വാങ്ങുമ്പോൾ കടകളിൽ നിന്ന് ലഭിക്കുന്ന ബില്ലുകൾ ലക്കി ബിൽ ആപ്പിൽ അപ് ലോഡ് ചെയ്തു കൊടുത്താൽ മാത്രം മതി. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും www.keralataxes.gov.in എന്ന ജിഎസ്ടി വകുപ്പിന്റെ വെബ് സൈറ്റിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്ത് എടുക്കാം. ജിഎസ്ടി റജിസ്ട്രേഷനുള്ള വ്യാപാരികളിൽ നിന്നു ലഭിക്കുന്ന ബില്ലുകൾ മാത്രമേ നറുക്കെടുപ്പിന് പരിഗണിക്കൂ. ഒരു തവണ ബിൽ അപ് ലോഡുചെയ്താൽ പ്രതിദിന / പ്രതിവാര / പ്രതിമാസ / ബംബർ എന്നിങ്ങനെ നാലു തവണ സമ്മാനത്തിനായി പരിഗണിക്കും.
പ്രതിദിന നറുക്കെടുപ്പിൽ വിജയികളാകുന്ന 25 പേർക്ക് കുടുംബശ്രീ നൽകുന്ന 1000 രൂപയുടെ ഗിഫ്റ്റ് പായ്ക്കറ്റും 25 പേർക്ക് വനശ്രീ നൽകുന്ന 1000 രൂപയുടെ ഗിഫ്റ്റ് പായ്ക്കറ്റും സമ്മാനമായി ലഭിക്കും.പ്രതിവാര നറുക്കെടുപ്പിൽ വിജയികളായ 25 പേർക്ക് കെടിഡിസി ഹോട്ടലുകളിൽ 3 പകൽ / 2 രാത്രി കുടുംബവുമൊത്ത് താമസിക്കാം.
പ്രതിമാസ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടുന്നവർക്ക് 10 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 5 പേർക്ക് രണ്ടു ലക്ഷം രൂപ വീതവും മൂന്നാം സമ്മാനം നേടുന്ന 5 പേർക്ക് ഒരു ലക്ഷം രൂപ വീതവും സമ്മാനമുണ്ട്.ഇതിന് പുറമെയാണ് 25 ലക്ഷത്തിന്റെ ബംബർ സമ്മാനവും.

Back to top button
error: